ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ കണക്ട് ആകുന്നുണ്ടെന്നും പറയുകയാണ് നസ്‌ലെന്‍. മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില്‍ ഒരാളായി മാറാന്‍ സാധിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇത് പറഞ്ഞത്.

എന്നാല്‍ താന്‍ കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണെന്നും പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ടെന്നും നസ്‌ലെന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഹ്യൂമര്‍ ഒരു സ്‌ട്രോങ്ങ് ആയ പോയന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഞാന്‍ ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്. പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കുമോ എന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കുന്ന ആളാണ്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.

എന്റെ ഹ്യൂമര്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നു. പിന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് എങ്ങനെയൊക്കെയോ കണക്ട് ആകുന്നുണ്ട്. പിന്നെ കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ്എനിക്ക് തോന്നുന്നത്,’ നസ്‌ലെന്‍ പറഞ്ഞു.

താരത്തിന്റേതായി ഏറ്റവും അവസാനം തിയേറ്ററില്‍ എത്തിയ ചിത്രമാണ് പ്രേമലു. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ വിജയമായ ചിത്രമായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവില്‍ സച്ചിന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നസ്‌ലെന്‍ എത്തിയത്.

മമിത ബൈജു നായികയായി എത്തിയ ചിത്രം ഒരുപാട് നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോം-കോം എന്റര്‍ടൈനറായാണ് കണക്കാക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരോടൊപ്പം ഫഹദ് ഫാസിലാണ് പ്രേമലു നിര്‍മിച്ചത്.


Content Highlight: Naslen Answered Why Audience Loves Him