മലപ്പുറം: തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടായെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലീഗിലെ യുവ നേതൃത്വമാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ആദ്യ ഘട്ടത്തില്‍ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും ഇത് കാരണം ലീഗിന് സ്വന്തം നിലയില്‍ പ്രചാരണം നടത്തേണ്ടി വന്നെന്നും താഴേത്തട്ടിലെ പ്രചാരണം ലീഗിന് ഏറ്റെടുക്കേണ്ടി വന്നെന്നും ലീഗ് വിലയിരുത്തി.

യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇത് മുതലാക്കുന്നതില്‍ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെന്നും വിമര്‍ശനമുയര്‍ന്നു.