കഴിഞ്ഞ ദിവസം ജപ്പാനെതിരെ നടന്ന വണ്‍ ഓഫ് മത്സരത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചിരുന്നു. മോശം കാലാവസ്ഥമൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ മത്സരത്തിലെ മോശം പിച്ചിനെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും, കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റിനെ പ്രചരിപ്പിക്കാനും വളര്‍ത്താനും ലക്ഷ്യമിടുമ്പോള്‍ ഇത്തരം മോശം പ്രതലങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിന് മുന്നോടിയായി രാത്രി പെയ്ത മഴയെത്തുടര്‍ന്ന് ഔട്ട്ഫീല്‍ഡില്‍ വന്‍തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ സൂപ്പര്‍ സോപ്പര്‍ (Super Sopper) ഉള്‍പ്പെടെയുള്ള ആധുനിക ഡ്രെയിനേജ് ഉപകരണങ്ങളോ പിച്ച് പൂര്‍ണമായി മൂടാനുള്ള കവറുകളോ ലഭ്യമായിരുന്നില്ല.

ഇതോടെ നാച്ചുറലായി ഗ്രൗണ്ട് ഉണങ്ങുന്നതുവരെ ഒഫീഷ്യലുകള്‍ക്കും കളിക്കാര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. നീണ്ട കാത്തിരിപ്പിനും പരിശോധനകള്‍ക്കും ഒടുവില്‍ മത്സരം 5 ഓവര്‍ വീതമായി ചുരുക്കി നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മത്സരം ആരംഭിച്ചെങ്കിലും ബാറ്റിങ് തികച്ചും ദുഷ്‌കരമായ പിച്ചാണ് ഇരു ടീമുകളെയും സ്വാഗതം ചെയ്തത്. പന്ത് അസാധാരണമായി തിരിയുകയും സ്റ്റംപിലേക്ക് താഴ്ന്നു വരികയും ചെയ്തതോടെ ബാറ്റര്‍മാര്‍ക്ക് ടൈമിങ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2.4 ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു. തുടര്‍ന്ന് നായകന്‍ ശ്രേയസ് അയ്യരുടെ അവസരോചിതമായ ബാറ്റിങ്ങിലാണ് ഇന്ത്യ 5 ഓവറില്‍ 32 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ജപ്പാനും സമാനമായ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. അവസാന നിമിഷം വരെ പൊരുതിയ ജപ്പാന്‍ അഞ്ച് ഓവറില്‍ 30 റണ്‍സ് നേടി.

‘പിച്ച് വലിയൊരു വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയത്. മത്സരം പെട്ടെന്ന് തുടങ്ങി പെട്ടെന്ന് അവസാനിച്ചു. എന്നാല്‍ ക്രിക്കറ്റിനെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം പിച്ചുകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കരുത്. കൂടുതല്‍ മികച്ച പ്രതലങ്ങളില്‍ വേണം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍.

മഴ മാറി നില്‍ക്കുമ്പോഴും സൂപ്പര്‍ സോപ്പറോ അനുയോജ്യമായ കവറുകളോ ഇല്ലാത്തതിനാല്‍ ഗ്രൗണ്ട് ഉണക്കാന്‍ സാധിക്കുന്നില്ല. ഒരു അന്താരാഷ്ട്ര മത്സരം നടത്താന്‍ ഇതൊട്ടും പര്യാപ്തമല്ല. എല്ലാവരും ചേര്‍ന്ന് പരിഹരിക്കേണ്ട വലിയൊരു പ്രശ്‌നമാണിത്,’ ആകാശ് ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

പിച്ചിന്റെ കാഠിന്യത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മത്സരശേഷം സംസാരിച്ചിരുന്നു. പന്ത് നല്ല രീതിയില്‍ ടേണ്‍ ചെയ്യുന്നുണ്ടാിരുന്നു, പേസ് കണക്കാക്കാന്‍ പ്രയാസമായതിനാല്‍ വിക്കറ്റില്‍ നിലയുറപ്പിച്ച് സിംഗിളുകളും ഡബിളുകളും എടുക്കുക എന്നതിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്നും അയ്യര്‍ വ്യക്തമാക്കി.

അതേസമയം, ഏഷ്യന്‍ ഗെയിംസിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വനിതാ താരങ്ങള്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യന്‍ പുരുഷ ടീമും ഇതേ നേട്ടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

സെപ്റ്റംബര്‍ 28ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഗ്രൂപ്പ് എയില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാരെയാണ് ശ്രേയസും സംഘവും ക്വാര്‍ട്ടറില്‍ നേരിടുക.

 

Content Highlight: IND vs JAPAN: Akash Chopra slams playing conditions