ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് യു.എന്‍ പൊതു സഭാ സമ്മേളനത്തിനിടെ ഇറാനും യു.എസും ചര്‍ച്ച നടത്തി. കടലിടുക്ക് തുറക്കുന്നതിനുള്ള ഉപാധികള്‍ ചര്‍ച്ചയില്‍ ഇറാന്‍ യു.എസിനെ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. കടലിടുക്കിലെ നാവിക ഉപരോധം യു.എസ് അവസാനിപ്പിക്കണമെന്നതടക്കമുള്ള ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ പ്രതിരോധ മുന്നണികളിലെയും യുദ്ധം അവസാനിപ്പിക്കാനും ഇറാന്‍ യു.എസിനോട് ആവശ്യപ്പെട്ടു. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ എത്രയും വേഗം വിട്ടുനല്‍കണമെന്ന ഉപാധിയും വിറ്റ്‌കോഫുമായി നടത്തിയ ചര്‍ച്ചയില്‍ അരാഗ്ചി മുന്നോട്ടുവെച്ചു.

മധ്യസ്ഥര്‍ വഴി ഇറാനിയന്‍ പ്രതിനിധി സംഘവുമായി നീണ്ട നേരം ചര്‍ച്ച നടത്തിയതായി സ്റ്റീവ് വിറ്റ്‌കോഫും പ്രതികരിച്ചു. മധ്യസ്ഥര്‍ ഒരു ദിവസം മുഴുവന്‍ ഇരു പക്ഷവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നും വിറ്റ്‌കോഫ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ചര്‍ച്ചകള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. അവ ഗുണകരവും പ്രതീക്ഷ നല്‍കുന്നതുമാകുമെന്ന് ഞങ്ങള്‍ കരുതുന്നു. മധ്യസ്ഥര്‍ അവരുടെ പ്രവര്‍ത്തനം തുടരുമെന്നും വിറ്റ്‌കോഫ് പറഞ്ഞു.

പൊതുസഭയില്‍ വെച്ച്, ഇറാനിയന്‍ നേതാക്കളുമായി യു.എസ് ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. അത് വളരെ ഫലപ്രദമായ നല്ല കൂടിക്കാഴ്ചയായിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപ ഭാവിയില്‍ മറ്റൊരു കൂടിക്കാഴ്ച കൂടി നിശ്ചയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായി എന്താണ് ചര്‍ച്ച ചെയ്തതെന്നതിനെക്കുറിച്ച് ട്രംപോ വിറ്റ്‌കോഫോ പ്രതികരിച്ചിട്ടില്ല.

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചൊവ്വാഴ്ച പൊതുസഭയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളും സഭയിലെ പ്രസംഗത്തിനിടെ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കണോ എന്നത് സംബന്ധിച്ച് വലിയ തീരുമാനമാണ് മുന്നിലുള്ളതെന്നായിരുന്നു ട്രംപിന്റെ പ്രകോപനപരമായ പരാമര്‍ശം.

‘എനിക്ക് ഒരു വലിയ തീരുമാനമെടുക്കാനുണ്ട്. ഇറാനുമായി ഒരു കരാറുണ്ടാക്കി, മുമ്പത്തേതിനേക്കാള്‍ മികച്ചൊരു രാജ്യമായി അവരെ പുനര്‍നിര്‍മ്മിക്കാന്‍ വിടണോ? ഒരുപക്ഷേ മിഡില്‍ ഈസ്റ്റിലെത്തന്നെ അല്ലെങ്കില്‍ ലോകത്തിലെത്തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി അവരെ മാറ്റണോ? അതോ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ വേഗത്തില്‍ നശിപ്പിക്കുകയും അതിലൂടെ ആളുകളെ കൊല്ലാനും രാജ്യങ്ങളെയും നശിപ്പിക്കാനുമുള്ള അവസരം അവര്‍ക്ക് ഇനി ഒരിക്കലും നല്‍കാതിരിക്കണോ?’ പൊതുസഭയില്‍ ട്രംപ് പറഞ്ഞു.

‘നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എങ്ങനെയുള്ള പ്രകടനം കാഴ്ചവെക്കുമെന്ന് അറിയാന്‍ ഇറാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ് അവര്‍ മനസിലാക്കാത്ത കാര്യം. ഞാന്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു കഴിഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഇനി രണ്ടര വര്‍ഷം കൂടി ഞാന്‍ ഇവിടെയുണ്ടാകും.’ ട്രംപ് പറഞ്ഞു.

ഇറാന്റെ കാര്യം പരിഗണിക്കുമ്പോള്‍ യു.എസ് തെരഞ്ഞെടുപ്പ് അവിടെ വിഷയമല്ലെന്നും ട്രംപ് പറയുന്നു. തെരഞ്ഞെടുപ്പ് അപ്പോള്‍ ചിന്തയില്‍ പോലും ഉള്‍പ്പെടുത്താറില്ല. ഇറാന് ഒരിക്കലും ആണവായുധമുണ്ടാവരുത് എന്നത് മാത്രമാണ് അവിടെ പ്രസക്തം എന്നും ട്രംപ് പറഞ്ഞു.

Content Highlight: Iran submits conditions for reopening of Hormuz to US representative