തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തരംഗമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോ രാജ്യത്തിന്റെയാകെ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗവുമുണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് സൂചനയാണ് നല്‍കുന്നത്. പുഷ് അപ്പ് പോസില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്ന് ചാടി പറക്കുന്ന പോസിലേക്ക് എത്തുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ടൊവിനോ കുറിച്ചത് ഇങ്ങനെ; ‘അടുത്ത മിഷന് വേണ്ടി മിന്നല്‍ മുരളി ചില പുതിയ മൂവുകള്‍ പഠിക്കുന്നു’.

ഈ പോസ്റ്റും അതിലെ പോസും കണ്ടതോടെ മിന്നല്‍ മുരളി രണ്ടാം ഭാഗത്തില്‍ പറക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ഭാഗത്തില്‍ സ്പീഡാണ് മിന്നല്‍ മുരളിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മിന്നല്‍ മുരളി രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നും കുറച്ച് കൂടി വലിയ ചിത്രമാണ് ഒരുക്കാനുദ്ദേശിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.


Content Highlight: murali learns new moves for next mission