അവനെ മാറ്റി വൈഭവിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കൂ; കൈഫ്
Cricket
അവനെ മാറ്റി വൈഭവിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കൂ; കൈഫ്
ഫസീഹ പി.സി.
Friday, 26th June 2026, 12:27 pm

അയര്‍ലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ വൈഭവിനേക്കാള്‍ ഫോമിലുള്ള മറ്റൊരു താരവുമില്ലെന്നും അതിനാല്‍ സഞ്ജു സാംസണിനൊപ്പം താരത്തെ ഓപ്പണിങ്ങില്‍ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈഭവിന് അവസരം നല്‍കാന്‍ അഭിഷേക് ശര്‍മയെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യന്‍ ടീമില്‍ ധാരാളം ഇടം കൈയ്യന്മാരുണ്ടെന്നും അതിനാല്‍ എല്ലാ താരങ്ങളും അവരുടെ റോളുകള്‍ അഡ്ജസ്റ്റ് ചെയ്യണമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് കൈഫ്.

‘ഈ നിമിഷം വൈഭവ് സൂര്യവംശിയെക്കാള്‍ മികച്ച ഫോമില്‍ മറ്റാരുമില്ല. അവന്‍ ഓറഞ്ച് ക്യാപ്പ് ജേതാവും മികച്ച ഫോമിലുമാണ്. റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ക്കുന്നതിനൊപ്പം പല നാഴികക്കല്ലുകളും പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി അവന്‍ മാറിക്കഴിഞ്ഞു. അവന്റെ റെക്കോഡുകള്‍ ഒന്നുനോക്കൂ, സെലക്ടര്‍മാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം ഇതാണെങ്കില്‍, അവനെ ടീമില്‍ കളിപ്പിക്കണം.

വൈഭവ് സഞ്ജു സാംസണിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. അഭിഷേക് ശര്‍മയെ മൂന്നാം നമ്പറിലേക്ക് മാറ്റണം. ഇതിനപ്പുറം മറ്റൊരു വഴി ഞാന്‍ കാണുന്നില്ല. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തന്നെ ധാരാളം ഇടംകൈയ്യന്‍ ബാറ്റര്‍മാരുണ്ട് എന്നതാണ് ഇതിന് കാരണം.

അഭിഷേകും വൈഭവും ഓപ്പണ്‍ ചെയ്താല്‍ എതിരാളികള്‍ക്ക് അത് എളുപ്പമുള്ളൊരു മാച്ച് അപ്പായി മാറും. കാരണം രണ്ട് പേരും ഇടംകൈയ്യന്മാരാണ്. അങ്ങനെയൊരു തെറ്റ് ഇന്ത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, അഭിഷേക് ശര്‍മ മൂന്നാം നമ്പറിലേക്ക് മാറേണ്ടി വരും. ഓരോരുത്തരും അവരുടെ റോളുകള്‍ അഡ്ജസ്റ്റ് ചെയ്യണം,’ കൈഫ് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അതേസമയം, ഇന്നാണ് (ജൂണ്‍ 26) അയര്‍ലാന്‍ഡ് പരമ്പരക്ക് തുടക്കമാവുന്നത്. അതിന് ശേഷം ജൂണ്‍ 28 ന് ഇന്ത്യ അയര്‍ലാന്‍ഡിനെ രണ്ടാം ടി – 20യില്‍ നേരിടും. ഇരുമത്സരങ്ങളും ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടയിലാണ് അരങ്ങേറുന്നത്.

Content Highlight: Muhammed Kaif suggest play Vaibhav Sooryavanshi along with Sanju Samson in opening and move Abhishek Sharma to 3 against Ireland

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.