ജന നായകനോടെ വിജയ്ക്ക് ഒമ്പത്, രജിനിക്ക് എട്ട്, സൂര്യയും അജിത്തും ബഹുദൂരം പിന്നില്‍; കോളിവുഡിലെ 200 കോടി ക്ലബുകള്‍
Indian Cinema
ജന നായകനോടെ വിജയ്ക്ക് ഒമ്പത്, രജിനിക്ക് എട്ട്, സൂര്യയും അജിത്തും ബഹുദൂരം പിന്നില്‍; കോളിവുഡിലെ 200 കോടി ക്ലബുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th July 2026, 12:54 pm

വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യയിലെ വമ്പന്‍ ഇന്‍ഡസ്ട്രികളിലൊന്നായ കോളിവുഡ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തമിഴിലെ ഏറ്റവും വിപണി മൂല്യമുള്ള താരമായ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കെത്തുകയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തതോടെ വലിയ സംഭവവികാസങ്ങളാണ് അരങ്ങേറിയത് രാഷ്ട്രീയ പ്രവേശനത്തോടെ താരത്തിന്റെ അവസാന ചിത്രമായ ജന നായകനും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകള്‍ക്കൊടുവില്‍ ജൂലൈ 24ന് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ കുതിപ്പാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. ചിത്രത്തിന്റെ കോപ്പി ഇതിനോടകം ലീക്കായിട്ടും റിലീസ് ചെയ്ത് നാല് ദിവസത്തിനകം ജന നായകന്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴില്‍ പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ച മറ്റ് പല താരങ്ങളുടെയും ചിത്രങ്ങള്‍ നൂറ് കോടിയില്‍ പോലും ഇടം പിടിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വിജയ് ചിത്രത്തിന്റെ തേരോട്ടം.

ജന നായകന്‍. Photo: District

താരത്തിന്റെ കരിയറിലെ അവസാന ചിത്രമെന്ന സവിശേഷതയില്‍ ഒരുങ്ങിയ ജന നായകന്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ തമിഴില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി വിജയ് മാറിയിരിക്കുകയാണ്. ഇതുവരെ ഒമ്പത് തവണയാണ് താരത്തിന്റെ ചിത്രം 200 കോടി മാര്‍ക്ക് പിന്നിടുന്നത്. എട്ട് തവണ ഈ നേട്ടത്തിലെത്തിയ രജിനികാന്ത് ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. ലോകേഷ് സംവിധാനം ചെയ്ത കൂലിയിലൂടെയാണ് തന്റെ എട്ടാമത്തെ 200 കോടിയെന്ന നേട്ടത്തില്‍ രജിനിയെത്തിയത്. വരാനിരിക്കുന്ന ജയിലര്‍ 2 അടക്കമുള്ള ചിത്രങ്ങളിലൂടെ രജിനി ഉടന്‍ തന്നെ ഈ റെക്കോഡ് തിരിച്ച് പിടിക്കുമെന്ന് ഉറപ്പാണ്.

Photo: District

എന്നാല്‍ വിജയ് ഒഴിച്ചിട്ട സിംഹാസനത്തിന് പകരക്കാരനായി പലരും പരിഗണിക്കുന്ന സൂര്യ ഈ ലിസ്റ്റില്‍ ബഹുദൂരം പിന്നിലാണെന്ന് കാണാം. ഈ വര്‍ഷം പുറത്തിറങ്ങിയ കറുപ്പാണ് സൂര്യയുടെ കരിയറില്‍ ആദ്യമായി 200 കോടി സ്വന്തമാക്കുന്ന ചിത്രം. വലിയ ആരാധന പിന്തുണയുള്ള അജിത്തിനും ഒരു ഇരുനൂറ് കോടി ചിത്രം മാത്രമാണ് കരിയറിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗുഡ് ബാഡ് അഗ്ലിയായിരുന്നു ഇത്.

അതേസമയം ലിസ്റ്റിലേക്ക് കൂടുതല്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് സൂര്യ. ആഗസ്റ്റ് 14ന് റിലീസ് ചെയ്യുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ആവേശം സംവിധായകന്‍ ജിത്തു മാധവനൊപ്പമുള്ള സൂര്യ47 ഉം വലിയ പ്രതീക്ഷകളാണ് താരത്തിന് നല്‍കുന്നത്.

Content Highlight: Most 200 crore club movies in Kollywood

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.