2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന താരം അഭിഷേക് ശര്‍മയല്ല, സൂര്യകുമാര്‍ യാദവാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം മോയിന്‍ അലി. അഭിഷേക് കുറച്ച് കാലമായി ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീമിന്റെ കരുത്ത് സൂര്യയാണെന്ന് അദ്ദേഹം പറഞ്ഞു.
സൂര്യ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിയേഡ് ബിഫോര്‍ വിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മോയിന്‍ അലി.
മോയിന്‍ അലി. Photo: Mufaddal Vohra/x.com
‘അഭിഷേക് ശര്‍മയുടെ പ്രകടനം പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവന്‍ മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. പക്ഷേ, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരം അവനല്ല എന്നാണ് ഞാന്‍ കരുതുന്നത്. അഭിഷേക് ഇന്ത്യയ്ക്ക് പ്രാധാന്യമേറിയ താരം തന്നെയാണ്.
എങ്കിലും ലോകകപ്പില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിന്റെ മെയിന്‍ മാന്‍. അവന്‍ അവിശ്വസനീയമായ ഒരു താരമാണ്. ഇപ്പോള്‍ അവന്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു,’ മോയിന്‍ അലി പറഞ്ഞു.
അഭിഷേക് ശര്‍മയെ കുറിച്ചും മോയിന്‍ അലി സംസാരിച്ചു. ആദ്യ പന്ത് മുതല്‍ മികച്ച ഷോട്ടുകള്‍ അടിക്കാന്‍ സാധിക്കുന്നൊരു താരമാണ് അവന്‍. അവനെ നേരിടാന്‍ ടീമുകള്‍ മികച്ച പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. സാധാരണയുള്ള ഫീല്‍ഡ് സെറ്റിങ് അവനെതിരെ ഫലിക്കില്ല. ഓഫ് സൈഡില്‍ രണ്ട് പേരെ നിര്‍ത്തിയാല്‍ അഭിഷേകിന്റെ വേഗത കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശര്‍മ. Photo: BCCI/x.com
അതേസമയം, ടി – 20 ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ ഇന്ത്യയും തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. യു.എസ്.എയാണ് ആദ്യ മത്സരത്തിലെ ടീമിന്റെ എതിരാളികള്‍. രാത്രി ഏഴ് മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തിന്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.