mohanlal1

 

തിരുവനന്തപുരം: സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗ് ഏറെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. എല്ലാ മാസവും 21-ാം തീയതിയാണ് ലാല്‍ തന്റെ ബ്ലോഗിലെഴുതുന്നത്. ഇത്തവണ കേരളത്തിലെ മുഖ്യമന്ത്രി വായിച്ചറിയാന്‍ എന്ന തലക്കെട്ടോടെ സംസ്ഥാനം നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഒരു നിവേദന രൂപേണ തന്റെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍. ഇത് മോഹന്‍ ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദ കത്തല്ലെന്നും മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണെന്നും ലാല്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം നേരിടുന്ന ചില പ്രശ്‌നങ്ങള്‍ അക്കമിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മാലിന്യ പ്രശ്‌നമാണ് ഇതില്‍ ഒന്നാമതായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് റോഡപകടങ്ങളെക്കുറിച്ചും ട്രാഫിക്ക് കുരുക്കുകളെ കുറിച്ചും മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു. ഇതില്‍ തന്നെ നടപ്പാക്കുന്ന നിയമങ്ങള്‍ പിന്നീട് പാലിക്കപ്പെടുന്നുണ്ടോ എന്നത് ശ്രദ്ധിക്കാത്ത അവസ്ഥയെ പറ്റിയും അദ്ദേഹം കുറിക്കുന്നു.

നാലാമത്തെ കാര്യമായി വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന ക്രൂരതകളെക്കുറിച്ചാണ് ലാല്‍ പറയുന്നത്. പരിസ്ഥിതിയുടെ കാവലാകാന്‍ താങ്കളുടെ സര്‍ക്കാരിന് കഴിയട്ടെയെന്ന് അഞ്ചാമത്തെ കാര്യമായി മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ സേവനങ്ങള്‍ താങ്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതു കൂടിയാണ് ബ്ലോഗിലെ ഇത്തവണത്തെ താളുകള്‍.

 

blog