മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ അഭിനേതാവാണ് മോഹന്‍ലാല്‍. വില്ലനായി സിനിമയിലെത്തിയ താരം നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറം മോളിവുഡില്‍ മറ്റാര്‍ക്കും പകരം വെക്കാനാകാത്ത വിധത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. താരത്തിന് പിന്നാലെ മകനായ പ്രണവ് മോഹന്‍ലാലും സിനിമയിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
ആഗസ്റ്റ് ഏഴിനാണ് വിസ്മയ കേന്ദ്രകഥാപാത്രമായി വേഷമിടുന്ന തുടക്കം തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ അടുത്തിടെ നടന്ന വിദ്യാര്‍ത്ഥി പ്രോക്ഷോഭവുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് പോസ്റ്റിട്ട താരത്തെ അഭിനന്ദിച്ച് ഒട്ടനവധി പേര്‍ രംഗത്തെത്തിയപ്പോള്‍ വിസ്മയയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സംവിധായകനായ മേജര്‍ രവി രംഗത്തെത്തിയത്. വലിയ വിമര്‍ശനമായിരുന്നു രവിക്കെതിരെ ഉയര്‍ന്നത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വിസ്മയ പറഞ്ഞതും വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു വിസ്മയയും മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിച്ചത്. എന്തെങ്കിലും പറയുന്നതിനോ എഴുതുന്നതിനോ മുമ്പ് മോഹന്‍ലാലിന്റെ മകളാണെന്ന ചിന്ത ബാധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
താനൊരു ഇന്‍ഡിവിജ്വലാണെന്നും അച്ഛന്‍ തന്റെ അച്ഛനാണെന്നും തനിക്ക് മറ്റുള്ളവരെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും വിസ്മയ പറഞ്ഞു. അതുകൊണ്ട് ആവശ്യമില്ലാതെ എന്തിനാണ് തന്റെ എനര്‍ജി പാഴാക്കുന്നതെന്നും വിസ്മയ ചോദിക്കുന്നു. അവളൊരു ഇന്‍ഡിവിജ്വലാണെന്നും അവള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പറയാനും അഭിപ്രായമറിയിക്കാനുമുള്ള സ്വാതന്ത്ര്യം വിസ്മയക്കുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നമ്മള്‍ എന്ത് കാര്യം പറഞ്ഞാലും പ്രശ്‌നമാകുന്ന ഒരു സാഹചര്യമുണ്ട്. ഞാനെല്ലാം അതില്‍ കൂടെയാണ് പോകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Mohanlal supports her daughter on her freedom of expression
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.