മലയാളികളുടെ പ്രിയതാരമായ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മകൾക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവവും മക്കളുടെ സിനിമാ യാത്രയെക്കുറിച്ചുള്ള തന്റെ ചിന്തകളും പങ്കുവെക്കുകയാണ് മോഹൻലാൽ. തുടക്കം മൂവിയുടെ ട്രെയിലർ ലോഞ്ച് പരിപാടിക്കിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
കൂടെ അഭിനയിക്കുമ്പോൾ മകളാണ് എന്ന ചിന്ത ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ അഭിനയിക്കുന്ന ഒരാളായിട്ടാണ് ഞാൻ കണ്ടിരുന്നത്. അങ്ങനെ മകളായി കണ്ടുകൊണ്ട് അഭിനയിച്ചാൽ നമുക്ക് അഭിനയിക്കാൻ സാധിക്കില്ല. ഒരു സീനിൽ അഭിനയിക്കുമ്പോൾ മുന്നിലുള്ളത് ഒരു അഭിനേതാവാണ്. പരസ്പരം അഭിപ്രായങ്ങൾ പങ്കുവെച്ചും ‘ഗിവ് ആൻഡ് ടേക്ക്’ രീതിയിലുമാണ് അഭിനയം മുന്നോട്ടുപോകുന്നത്. സിനിമ കണ്ടുകഴിഞ്ഞാലാണ് അത് സ്വന്തം മകളാണെന്ന തോന്നൽ വീണ്ടും വരിക. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ അവൾ എന്റെ സഹപ്രവർത്തക മാത്രമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
‘എന്റെ രണ്ട് മക്കളും അഭിനേതാക്കളാകുമെന്ന് ഞാനോ കുടുംബമോ ഒരിക്കലും കരുതിയിരുന്നില്ല. അതെല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. എന്റെ കുടുംബത്തിൽ ആദ്യം അഭിനയരംഗത്തേക്ക് വന്നത് ഞാനാണ്. ഇപ്പോൾ മക്കളും അതിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. അഭിനയം വളരെ മനോഹരമായ ഒരു ജോലിയാണ്. അത് ഏറ്റവും നന്നായി ചെയ്യാൻ കഴിയുമ്പോഴാണ് അതിന്റെ യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിയുക,’ എന്നും താരം പറഞ്ഞു.
ഞാൻ വളരെ ഭാഗ്യമുള്ള ഒരു നടനാണെന്നാണ് വിശ്വസിക്കുന്നത്. മികച്ച എഴുത്തുകാർക്കും സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അവരുടെ സ്നേഹവും പിന്തുണയുമാണ് എന്നെ വളർത്തിയത്. എന്റെ മക്കൾക്കും അത്തരത്തിലുള്ള നല്ല സംവിധായകരുടെയും സഹപ്രവർത്തകരുടെയും കൂടെ പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെയെന്നാണ് ഞാൻ പ്രാർഥിക്കുന്നത്. എന്റെ കുടുംബത്തിൽ നിന്നുള്ളവരാണെന്ന കാരണത്താൽ നല്ല കഥാപാത്രങ്ങൾ ലഭിക്കില്ല. സ്വന്തം കഴിവുകൊണ്ടാണ് നല്ല വേഷങ്ങൾ നേടേണ്ടത് എന്നും മോഹൻലാൽ പറഞ്ഞു.
വേണു സാർ, പ്രേം നസീർ, ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, ഡോ. രാജ്‌കുമാർ തുടങ്ങി ഒട്ടേറെ ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഇന്ന് അവരിൽ പലരും നമ്മോടൊപ്പമില്ല. അവരുടെ അനുഗ്രഹവും പിന്തുണയും എന്റെ സിനിമാ ജീവിതത്തിൽ വലിയ ശക്തിയായിരുന്നു. അതുപോലൊരു അവസരം ഇവർക്ക് ലഭിക്കണമെന്നില്ല. എങ്കിലും അവരെ സ്മരിച്ചുകൊണ്ട് നല്ല സിനിമകൾ ചെയ്യാനും മികച്ച കലാകാരന്മാരായി വളരാനും എന്റെ മക്കൾക്ക് കഴിയട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. ആശിഷ് ജോ ആന്തണി, സായ് കുമാർ, മനോജ് കെ ജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal speaks about sharing the screen with daughter Vismaya in Thudakkam