ദുല്‍ഖറിനും നിവിനും മുന്നേ ലാലേട്ടന്‍ ഈ സീന്‍ വിട്ടതാ; വിജയം അനൗണ്‍സ്‌മെന്റിന് പിന്നാലെ ചര്‍ച്ചയായി പെട്ടിയിലായ മോഹന്‍ലാല്‍ ചിത്രം
Malayalam Cinema
ദുല്‍ഖറിനും നിവിനും മുന്നേ ലാലേട്ടന്‍ ഈ സീന്‍ വിട്ടതാ; വിജയം അനൗണ്‍സ്‌മെന്റിന് പിന്നാലെ ചര്‍ച്ചയായി പെട്ടിയിലായ മോഹന്‍ലാല്‍ ചിത്രം
അമര്‍നാഥ് എം.
Sunday, 28th June 2026, 12:36 pm

ആരാധകര്‍ക്ക് ആവേശം സമ്മാനിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം നിവിന്‍ പോളി തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. കരിയറില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച അല്‍ഫോണ്‍സ് പുത്രനൊപ്പമാണ് നിവിന്‍ പുതിയ ചിത്രം ചെയ്യുന്നത്. വിജയം എന്നാണ് ചിത്രത്തിന്റെ പേര്. നിവിന്റെ 50ാമത് സിനിമ എന്ന പ്രത്യേകതയും വിജയത്തിനുണ്ട്.

ബൈക്ക് റേസിങ്ങാണ് വിജയത്തിന്റെ പ്രമേയം. നിവിന്‍ ബൈക്ക് റേസറായെത്തുന്നു എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത തീമാണ് റേസിങ്. അല്‍ഫോണ്‍സിന് ഇതില്‍ വിജയിക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. വിജയത്തിന് മുമ്പ് റേസിങ്ങുമായി ബന്ധപ്പെട്ടിട്ടുള്ള സിനിമകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

നിവിന് മുമ്പ് ബൈക്ക് റേസറായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ടിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ റേസിങ്ങും ഒരു പ്രധാന ഭാഗമായിരുന്നു. ആദ്യാവസാനം റേസിങ് പശ്ചാത്തലമായി ഒരുങ്ങിയ മലയാളചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ പ്രി. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

എന്നാല്‍ മലയാളത്തില്‍ ആദ്യമായി റേസിങ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ഇതൊന്നുമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യാനിരുന്ന ഓസ്‌ട്രേലിയ റേസിങ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു. കാര്‍ റേസിങ് ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ F1 ഡ്രൈവറുടെ വേഷമായിരുന്നു മോഹന്‍ലാലിന്.

ഒരു F1 ഡ്രൈവര്‍ക്ക് അപകടം പറ്റുന്നതും പിന്നീട് അയാള്‍ തിരിച്ചുവരുന്നതുമായിരുന്നു ഓസ്‌ട്രേലിയയുടെ കഥ. ചിത്രത്തിന്റെ ചില പോസ്റ്ററുകളും സ്റ്റില്ലുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റേസിങ് യൂണിഫോമില്‍ ഹെല്‍മറ്റും കൈയില്‍ പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

ഷൂട്ട് തുടങ്ങി ഒരാഴ്ചക്കുള്ളില്‍ പല പ്രശ്‌നങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിന് പുറമെ ഭീമമായ ബജറ്റും കൂടിയായപ്പോള്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെക്കുന്ന വിവരം. ഓസ്‌ട്രേലിയക്കായി ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ രാജീവ് അഞ്ചല്‍ തന്റെ മറ്റൊരു ചിത്രമായ ബട്ടര്‍ഫ്‌ളൈസില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ, അന്ന് പൂര്‍ത്തിയായിരുന്നെങ്കില്‍ F1 പോലൊരു ഗംഭീര സിനിമ മലയാളത്തിനും ലഭിച്ചേനെ.

Content Highlight: Mohanlal’s unreleased film Australia discussing after Vijayam movie announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം