ഇത് രംഗണ്ണനോ ലവ്‌ലജനോ? സോഷ്യല്‍ മീഡിയക്ക് തീയിട്ട് മോഹന്‍ലാല്‍
Malayalam Cinema
ഇത് രംഗണ്ണനോ ലവ്‌ലജനോ? സോഷ്യല്‍ മീഡിയക്ക് തീയിട്ട് മോഹന്‍ലാല്‍
അമര്‍നാഥ് എം.
Monday, 2nd February 2026, 11:06 pm

വര്‍ഷങ്ങള്‍ക്ക് ശേഷം താടിയെടുത്ത മോഹന്‍ലാല്‍ ഓരോ ദിവസവും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന് ശേഷം താടിയെടുത്താല്‍ മുഖത്ത് പഴയതുപോലെ ഭാവങ്ങളൊന്നും വരില്ലെന്ന് പലരും വിമര്‍ശച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളാണ് മോഹന്‍ലാലിന്റെ ഓരോ ഫോട്ടോയുമെന്നാണ് ആരാധകരുടെ അഭിപ്രായം.

താരം ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെള്ള ഷര്‍ട്ടില്‍ മഞ്ഞനിറത്തില്‍ പൂച്ചയുടെ ചിത്രം പ്രിന്റ് ചെയ്ത ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. ഐക്കോണിക് മീശപിരിയും താരം മറന്നിട്ടില്ല. ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ Photo: Mohanlal/ Facebook

ടൊവിനോ തോമസ്, തരുണ്‍ മൂര്‍ത്തി തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ള ആളുകള്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്. ‘ഇതാണ് ഞങ്ങളുടെ ലവ്‌ലജന്‍’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി ഈ ഫോട്ടോ സ്‌റ്റോറിയായും പങ്കുവെച്ചു. എന്നാല്‍ L 366ലെ ലവ്‌ലജനെപ്പോലെ ചര്‍ച്ചയാകുന്ന ഒന്നാണ് ഈ ഫോട്ടോയും ആവേശത്തിലെ രംഗണ്ണനും തമ്മിലുള്ള സാമ്യം.

വെളുപ്പില്‍ സ്വര്‍ണനിറം പ്രിന്റ് ചെയ്ത ഷര്‍ട്ടുകളാണ് രംഗയും ധരിച്ചിരുന്നത്. മോഹന്‍ലാലിന് ഈസിയായി പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമായിരുന്നു ആവേശത്തിലെ രംഗയെന്നും ചില പോസ്റ്റുകളുണ്ട്. ആവേശത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ട് ക്യാന്‍സലായതിലും ആരാധകര്‍ നിരാശ പങ്കുവെക്കുന്നു.

താടി വടിച്ച ശേഷം മോഹന്‍ലാല്‍ പങ്കുവെച്ച ഫോട്ടോകളെല്ലാം വൈറലായി മാറി. ‘ക’ അക്ഷരോത്സവത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നു. 10 വര്‍ഷം മുമ്പുള്ള ലുക്ക് താരം തിരിച്ചുപിടിച്ചെന്നാണ് പലരുടെയും കമന്റ്. പഴയ അതേ എനര്‍ജി ഇപ്പോഴും മോഹന്‍ലാലിലുണ്ടെന്നും താരത്തിന്റെ പൊട്ടന്‍ഷ്യല്‍ 2026ലും കാണാനാകുമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L 366. പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൊടുപുഴയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചുകഴിഞ്ഞു. ദൃശ്യം 3ക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ഈ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം ആവര്‍ത്തിക്കുമെന്നാണ് പലരും കരുതുന്നത്.

Content Highlight: Mohanlal’s new photo viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം