അന്ന് കഥ കേട്ടിട്ട് അഭിനയിക്കാം എന്ന് പറഞ്ഞിരുന്നെങ്കിൽ അഞ്ചോ പത്തോ സിനിമകൾ മാത്രമേ ജീവിതത്തിൽ ലഭിക്കുമായിരുന്നുള്ളൂ: മോഹൻലാൽ
Malayalam Cinema
അന്ന് കഥ കേട്ടിട്ട് അഭിനയിക്കാം എന്ന് പറഞ്ഞിരുന്നെങ്കിൽ അഞ്ചോ പത്തോ സിനിമകൾ മാത്രമേ ജീവിതത്തിൽ ലഭിക്കുമായിരുന്നുള്ളൂ: മോഹൻലാൽ
നന്ദന. ടി
Wednesday, 12th August 2026, 7:46 am

മക്കളുടെ താത്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന മാതാപിതാക്കളാണ് മോഹൻലാലും ഭാര്യ സുചിത്രയും. പ്രണവിന് പിന്നാലെ മകൾ വിസ്മയയും തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുമ്പോൾ, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മക്കളുടെ സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് മോഹൻ ലാൽ. അമൃത ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കൾ രണ്ടുപേരും അവരുടേതായ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ്. അതിനിടയിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അത് സാധിച്ചുകൊടുക്കുകയായിരുന്നു എന്ന് പറയുകയാണ് മോഹൻലാൽ.

മോഹൻലാൽ. Photo. Screen grab/ Youtube

‘മക്കൾ രണ്ടുപേരും അവരുടേതായ വഴികളിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. കവിതകൾ എഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യും. ഇതിനുപുറമേ അവർ ഒരുപാട് കോഴ്‌സുകൾ ചെയ്തു. വിസ്മയ ഇന്തോനേഷ്യയിൽ പോയി കുട്ടികളെ പഠിപ്പിച്ചിട്ട് വരെയുണ്ട്. ഇങ്ങനെയൊക്കെ നിൽക്കുന്ന ഒരു സമയത്താണ് മായക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വരുന്നത്. അതിന് നമ്മൾ സമ്മതിക്കേണ്ടിവന്നു. അതിൽ മോശമായ കാര്യമൊന്നുമില്ലല്ലോ, കാരണം സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണാലോ,’ മോഹൻലാൽ പറഞ്ഞു.

മകളുടെ സിനിമയിലേക്കുള്ള ആഗ്രഹത്തിന് പിന്തുണ നൽകാൻ പ്രൊഡക്ഷൻ ഹൗസ് ഉൾപ്പെടെയുള്ള ഒരു സേഫ് സ്‌പേസ് ഉണ്ടായിരുന്നു എന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഇനി മുന്നോട്ടുള്ള കാര്യങ്ങൾ മകളുടെ തീരുമാനങ്ങൾ പോലെയിരിക്കും എന്നും മോഹൻലാൽ പറയുന്നു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം സേഫ് ആയിട്ടുള്ള ഒരു സോൺ ഉണ്ടായിരുന്നു. നമ്മുടേതായിട്ടുള്ള ഒരു പ്രൊഡക്ഷൻ കമ്പനിയുണ്ട്, പിന്നെ നല്ലൊരു സംവിധായകനെയും കിട്ടി, അങ്ങനെ ആവശ്യമായ സാഹചര്യങ്ങളൊക്കെ ഒത്തുവന്നു. ഞാനൊക്കെ അഭിനയം തുടങ്ങിയ സമയത്ത് ഒരു ശൂന്യത മാത്രമാണ് ഉണ്ടായിരുന്നത്. അതിൽനിന്നാണ് നമ്മൾ കയറിവന്നത്. അപ്പോൾ സേഫ് ആയിട്ടുള്ള ഒരു സ്‌പേസിൽ നിന്നാണ് മകളുടെ തുടക്കം. ഇനി അവരാണ് തീരുമാനിക്കേണ്ടത് അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന്,’ അദ്ദേഹം പറഞ്ഞു.

തന്റെ തുടക്കകാലഘട്ടവുമായി വച്ചുനോക്കുമ്പോൾ ഇന്ന് അഭിനയിക്കേണ്ട സിനിമകളുടെ കഥകൾ തെരഞ്ഞെടുക്കാനും അതിൽ ചർച്ചകൾ നടത്താനുമൊക്കെയുള്ള അവസരങ്ങൾ ഇന്നത്തെ തലമുറയ്ക്കുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു.

‘സിനിമയിൽ നമുക്ക് കുറച്ച് ഭാഗ്യം വേണം. നല്ല സംവിധായകരെ കിട്ടണം, കൊള്ളാവുന്ന കഥകൾ തെരഞ്ഞെടുക്കണം. ഞങ്ങളൊക്കെ അഭിനയിച്ചിരുന്ന സമയത്ത് കഥ തെരഞ്ഞെടുത്തിട്ടേ അഭിനയിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ, ചിലപ്പോൾ ജീവിതത്തിൽ ഒരു അഞ്ചോ പത്തോ സിനിമകൾ മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ ഇവർക്ക് ഇന്ന് തീരുമാനങ്ങളെടുക്കാൻ ഒരുപാട് സമയമുണ്ട്, കഥ കേൾക്കാം, അതിൽ ചർച്ചകൾ നടത്താം. അപ്പോൾ അതൊക്കെ നോക്കി വളരെ സൂക്ഷിച്ചു സിനിമകൾ ചെയ്താൽ മതി. അല്ലാതെ എത്ര സിനിമകൾ ഞാൻ ചെയ്യും എന്നൊന്നും വിചാരിക്കേണ്ടതില്ല,’ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ. വിസ്മയ. Photo. Screen grab/ Youtube

Content Highlight: Mohanlal compares the beginning of Vismaya’s career journey with his own

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം