മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാര്‍ഥി സാഹില്‍ വാകോഡെയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമരം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്.
മകന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ഐ.ഐ.ടി ബോംബെ ക്യാമ്പസില്‍ എത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രവേശനം അനുവദിച്ചില്ലെന്ന് പിതാവ് രവീന്ദ്ര വാകോഡ പറഞ്ഞു.
രണ്ടോ മൂന്നോ തവണ ക്യാമ്പസിലെത്തിയെങ്കിലും തിരിച്ചുപോകേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന ആവശ്യത്തിലാണ് മാതാപിതാക്കള്‍ പ്രതിഷേധം ശക്തമാക്കുന്നത്.
തിങ്കളാഴ്ച മുതല്‍ മുംബൈയിലെ ആസാദ് മൈതാനിയില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും രവീന്ദ്ര വാകോഡെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മകന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരണമെന്നും അന്വേഷണത്തില്‍ സുതാര്യത വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
‘സാഹില്‍ ഇനി ഞങ്ങളോടൊപ്പമില്ല. പക്ഷേ സംഭവിച്ചതിന്റെ സത്യം പുറത്തുവരണം. മകന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുള്ളവര്‍ അവ സംരക്ഷിക്കണമെന്നും കോടതിയിലും അന്വേഷണത്തിലും അവ ആവശ്യമായി വരും,’ സാഹിലിന്റെ പിതാവ് വിദ്യാര്‍ഥികളോട് പറഞ്ഞു.
സാഹിലിന്റെ മരണത്തിന് പിന്നാലെ ക്യാമ്പസിലും പ്രതിഷേധം ശക്തമാണ്. വെള്ളിയാഴ്ച രാത്രി വിദ്യാര്‍ഥികള്‍ മെഴുകുതിരി റാലി നടത്തി.
നിലവിലെ അന്വേഷണ സമിതി പിരിച്ചുവിട്ട് ഐ.ഐ.ടി ബോംബെയുമായി ബന്ധമില്ലാത്തവരെ ഉള്‍പ്പെടുത്തി സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം.
വിദ്യാര്‍ഥി ക്ഷേമ സംവിധാനങ്ങളിലും അച്ചടക്ക നടപടികളിലും കൂടുതല്‍ സുതാര്യത വേണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സാഹിലിന് ക്യാമ്പസില്‍ ജാതി വിവേചനം നേരിട്ടിരുന്നുവെന്നാണ് മാതാപിതാക്കളുടെ വാദം. സംഭവത്തില്‍ അധ്യാപകന്‍ ദുല്ലയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അധ്യാപകനെ അന്വേഷണ കാലയളവില്‍ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേസില്‍ മുംബൈ ക്രൈം ബ്രാഞ്ചും ഐ.ഐ.ടി ബോംബെ നിയോഗിച്ച സമിതിയും അന്വേഷണം തുടരുകയാണ്.
Content Highlights: The truth behind the son’s death must be revealed; Sahil’s family alleges they were denied entry to the IIT Bombay campus.
