ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് ഷഹീൻ സിദ്ദിഖ്. നടൻ സിദ്ദിഖിന്റെ മകനായ ഷഹീൻ, സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായാണ് ഷഹീൻ വേഷമിട്ടത്. തുടർന്ന് കസബ , സല്യൂട്ട്, രേഖാചിത്രം,വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

ഇപ്പോഴിതാ സൈജു കുറുപ്പിനെയും സുധീഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത ‘ആരം’ ആണ് ഷഹീന്റെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോളിവുഡ് ഷോ ടൈമിന് നൽകിയ അഭിമുഖത്തിലാണ് പിതാവ് സിദ്ദിഖിന്റെ സിനിമകളെക്കുറിച്ചുള്ള രസകരമായ അനുഭവം ഷഹീൻ പങ്കുവെച്ചത്.

ഷഹീൻ സിദ്ദിഖ്. Photo. Screen Grab/ Youtube

വാപ്പച്ചി ഒരു സിനിമയിൽ അഭിനയിച്ച ശേഷം, തനിക്ക് നല്ല വേഷങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നുവെന്നാണ് ഷഹീൻ പറയുന്നത്. എന്നാൽ സിദ്ദിഖ് കരുതിയിരുന്ന സിനിമ ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ ആയിരുന്നു. ചിത്രത്തിൽ തനിക്ക് ലഭിച്ച കഥാപാത്രം ഇത്രത്തോളം പ്രാധാന്യമുള്ളതായിരിക്കുമെന്ന് സിദ്ദിഖിന് നേരത്തെ അറിയില്ലായിരുന്നുവെന്നും ഷഹീൻ പറയുന്നു.

‘നമുക്ക് പ്രാഞ്ചിയേട്ടൻ എന്ന് പറയുമ്പോൾ തന്നെ ഒരു കൗതുകമുണ്ട്. എന്നാൽ വാപ്പച്ചിക്ക് അങ്ങനെയായിരുന്നില്ല. വേറെ ഏതോ പടത്തിന്റെ ഇടയിൽ വന്ന് ഇത് അഭിനയിച്ച്, പിന്നെ ഒരു പ്രസംഗത്തിന്റെ ഇടയിൽ പ്രമോഷനും ചെയ്ത് അങ്ങനെ രണ്ട് ദിവസം കൊണ്ട് തീർത്തതായിരുന്നു. ഡബ്ബിങ് സമയത്തൊക്കെ ‘ഇത്രയേ ഉള്ളൂ അല്ലേ, കുറച്ചുകൂടി നല്ല വേഷങ്ങൾ തരാമായിരുന്നു’ എന്നൊക്കെ വാപ്പച്ചി ആലോചിച്ചിരുന്നു,’ ഷഹീൻ പറഞ്ഞു.

എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. കഥാപാത്രത്തിന് ലഭിച്ച ഇംപാക്ട് വാപ്പച്ചിക്ക് പോലും പ്രതീക്ഷിച്ചതിലും വലുതായിരുന്നുവെന്നാണ് ഷഹീൻ പറയുന്നത്.

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. Photo. IMDb

‘സിനിമയിൽ ഇംപാക്ട് കംപ്ലീറ്റ്‌ലി ഡിഫറന്റായിരുന്നു. ആ സിനിമയിൽ ത്രൂ ഔട്ട് വാപ്പച്ചിയുടെ ഒരു പ്രസൻസ് നമുക്ക് ഫീൽ ചെയ്യും. പക്ഷേ വളരെ കുറച്ച് സമയം മാത്രമേ വാപ്പച്ചി അതിനുവേണ്ടി ചെലവഴിച്ചിട്ടുള്ളൂ,’ ഷഹീൻ കൂട്ടിച്ചേർത്തു.

Content Highlight: Shaheen Siddique opens up about his father Siddique’s films