വളരെ ചെറിയ ചിത്രമെന്ന ലേബലിൽ തിയേറ്ററുകളിൽ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 260 കോടിയും കടന്ന് വമ്പൻ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസിൽ നിന്നും 120 കോടി പിന്നിട്ടതോടെ ഇൻഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോർഡും തുലാസിലായിരിക്കുകയാണ്.
ഏജ് ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും പോസിറ്റീവ് റെസ്‌പോൺസ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ബെത്‌ലഹേമിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസിന്റെ ഷോട് ഫിലിമിലെ അഭിനേതാക്കളായി വേഷമിട്ടത് വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമായിരുന്നു. ചിത്രത്തിലെ ഷോട് ഫിലിം പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന പേരിൽ റിലീസ് ചെയ്തിരുന്നു. ഒരു കോടിയിലധികം പേരാണ് ഷോട് ഫിലിം യൂട്യൂബിൽ കണ്ടത്.
ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ‘സൂപ്പർ ശരണ്യ’യിലൂടെയാണ് മമിത ബൈജുവിനെ പരിചയപ്പെടുന്നതെന്നും പിന്നീട് നടിയുടെ വളർച്ച ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്നും നടനും തിരക്കഥാകൃത്തുമായ വിനീത് വിശ്വം. സിനിമയിലെ സോന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകർ അത് ഏറ്റെടുത്തതും മമിതയുടെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘സൂപ്പർ ശരണ്യയിലോട്ട് വരുമ്പോഴാണ് മമിതയെ പരിചയപ്പെടുന്നത്. അനശ്വരയെയും അന്നുമുതൽ തന്നെ അറിയാം. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം അനശ്വരയുടെ ഗ്രാഫ് ഉയരുകയും ഒരു നല്ല നടിയായിട്ട് മാറുകയും ചെയ്തു. പക്ഷേ മമിതയെ ഞാൻ പരിചയപ്പെടുന്നത് ‘സൂപ്പർ ശരണ്യ’യിലൂടെയാണ്. ആ സിനിമ ഇറങ്ങിയതിനുശേഷമാണ് ഞാൻ മമിതയെ കൂടുതലായിട്ട് ശ്രദ്ധിക്കുന്നത്,’ വിനീത് വിശ്വം പറഞ്ഞു.
മമിതയ്ക്കൊപ്പം താൻ ആകെ മൂന്ന് നാല് സിനിമകളിൽ മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും വിനീത് പറയുന്നു. എന്നാൽ ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത് ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിനിമയിലെ സോന എന്ന് പറയുന്ന കഥാപാത്രം ഭയങ്കര ഹിറ്റായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു. അങ്ങനെയായിരുന്നു ആളുകൾ അത് അക്സെപ്റ്റ് ചെയ്തിരുന്നത്. പുള്ളിക്കാരി ഭയങ്കര ഹാർഡ് വർക്കാണ്. അതിനുള്ള റിസൾട്ട് കിട്ടുന്നുമുണ്ട്,’ വിനീത് പറഞ്ഞു.
മമിത ഇന്ന് മലയാളത്തിന് പുറത്തേക്കും വലിയ രീതിയിൽ സാന്നിധ്യമറിയിക്കുന്ന നടിയായി മാറിയതിലും വിനീത് സന്തോഷം പങ്കുവെച്ചു. സൗത്ത് ഇന്ത്യയിലെ പ്രധാന താരങ്ങൾക്കൊപ്പം അഭിനയിക്കുകയും തിരക്കുള്ള നടിയായി മാറുകയും ചെയ്തതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇപ്പോൾ സൗത്ത് ഇന്ത്യയിൽ എല്ലാ മേജർ സ്റ്റാർസിന്റെ കൂടെയും അഭിനയിച്ചു. ഭയങ്കര തിരക്കുള്ള നടിയായിട്ട് മാറുന്നു. നമ്മളെയൊക്കെ അറിയുന്ന ആളുകൾ ഇത്രയും വലിയ നിലയിൽ സിനിമയിൽ എത്തിയതിൽ ഭയങ്കര സന്തോഷമുണ്ട്,’ വിനീത് വിശ്വം പറഞ്ഞു.
Content Highlight: Actor Vinod viswam talks about mamitha baiju
