ആറ് വര്‍ഷത്തോളമായി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് റാം. ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ജീത്തു ജോസഫുമായി മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം വന് ബജറ്റില്‍ പൂര്‍ത്തിയാക്കാനിരുന്ന പ്രൊജക്ടായിരുന്നു. ആറ് രാജ്യങ്ങളിലായി ഷൂട്ട് ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരുന്നു റാം. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് പകുതിക്ക് വെച്ച് മുടങ്ങുകയായിരുന്നു.
റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും മൂന്ന് സിനിമകള്‍ ചെയ്‌തെങ്കിലും റാമിന്റെ കാര്യത്തില്‍ മാത്രം ഒരു ചലനവുമുണ്ടായില്ല. നിര്‍മാതാവിന് മേല്‍ സകല ഭാരവും നല്‍കിയാണ് ജീത്തു റാമിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസം റാമിന്റെ ഷൂട്ട് വീണ്ടും ആരംഭിച്ചത് സിനിമാപേജുകളില്‍ വലിയ വാര്‍ത്തയായി.

കൊച്ചിയിലാണ് റാമിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചത്. ഇതിന് ശേഷം ലണ്ടന്‍, ദുബായ് തുടങ്ങി മറ്റ് ലൊക്കേഷനുകളില്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് കരുതുന്നത്. മുടങ്ങിക്കിടന്ന പ്രൊജക്ട് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ ചില ആശങ്കകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ലുക്കാണ് ഇതില്‍ ആദ്യത്തേത്. കൊവിഡിന് മുമ്പ് വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു താരം റാമില്‍ പ്രത്യക്ഷപ്പെട്ടത്.
ഫിറ്റായ ലുക്കില്‍ താടിയും മുടിയും പ്രത്യേക രീതിയില്‍ സ്റ്റൈല്‍ ചെയ്ത ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കൊറിയന്‍ സൂപ്പര്‍ താരം മാ ഡോങ് സിയോക്കുമായി സാമ്യതയുണ്ടെന്നായിരുന്നു പലരും അന്ന് അഭിപ്രായപ്പെട്ടത്. ഏറെക്കാലത്തിന് ശേഷം താടിയെടുത്ത്, മീശ മാത്രം വെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. പഴയ ആ ലുക്കിലേക്ക് താരത്തിന് മടങ്ങിപ്പോകാനാകുമോ എന്നാണ് ആദ്യത്തെ ആശങ്ക.

സംവിധായകന്‍ ജീത്തു ജോസഫിനെക്കുറിച്ചാണ് അടുത്ത ആശങ്ക. ദൃശ്യം 2 മുതല്‍ക്ക് ഇങ്ങോട്ട് ഓരോ സിനിമ കഴിയുന്തോറും ജീത്തു ജോസഫിന്റെ മേക്കിങ് ഒരുപാട് വിമര്‍ശനം കേള്‍ക്കുകയാണ്. സീരിയല്‍ ലെവല്‍ മേക്കിങ്ങെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുമ്പ് ഷൂട്ട് ചെയ്ത റാമിന്റെ ഫൂട്ടേജിനൊപ്പം ജീത്തുവിന്റെ ഇപ്പോഴത്തെ മേക്കിങ്ങിലൊരുങ്ങുന്ന സീനുകള്‍ ചേര്‍ന്ന് പോകുമോ, മുഴച്ചുനില്‍ക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.
വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മാത്രമാണ് ഷൂട്ട് ചെയ്തത്. ഒന്നാം ഭാഗത്തിലെ പ്രധാന സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കൊവിഡ് ലോക്ക്ഡൗണ്‍ വന്നതും നിര്‍മാതാവ് പിന്മാറിയതും. തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷയാണ് റാമിലെ നായിക. ഇന്ദ്രജിത്, ചന്തുനാഥ്, പ്രാചി തെഹ്‌ലാന്‍, സംയുക്ത മേനോന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. പഴയ ലൊക്കേഷനുകളില്‍ ഇത്രയും താരങ്ങളെ വീണ്ടും അണിനിരത്തുക എന്നതാണ് ജീത്തുവിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
Content Highlight: Cinema pages shares concern on Mohanlal and Jeethu Joseph after Ram movie shoot resume
