അനൗണ്‍സ്‌മെന്റ് മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുകയും റിലീസിന് ശേഷം വിജയവുമായി തിയേറ്റര്‍ വിടുകയും ചെയ്ത ചിത്രമായിരുന്നു തുടക്കം. 2018 എന്ന ഹിറ്റ് സര്‍വൈവര്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു എന്നതിലുപരി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതായിരുന്നു തുടക്കത്തിന് ലഭിച്ച ഹൈപ്പ് മുഴുവനും. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തിയതോടെ വിസ്മയ തന്റെ അരങ്ങേറ്റം ഗംഭീരമാക്കുകയായിരുന്നു.

Photo: X.com
ആദ്യ ചിത്രമായിട്ട് കൂടി അഭിനയത്തില്‍ കൈയടി വാങ്ങികൂട്ടുന്ന പ്രകടനമായിരുന്നു വിസ്മയ കാഴ്ചവെച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളടക്കം കൈയടക്കത്തോടെ അവതരിപ്പിച്ച താരം താന്‍ മലയാള സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാണെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇപ്പോഴിതാ തുടക്കത്തിന് പിന്നാലെ തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാനവേഷത്തിലെത്തിയ ലൂക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിസ്മയ അടുത്തതായി വേഷമിടുന്നത്. ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് ക്യൂബ് പ്രൊഡക്ഷന്‍സാണ് തങ്ങളുടെ മൂന്നാമത്തെ പ്രൊജക്ടായി ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. രതീന പി.ടി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബായിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക.

Photo: X.com
വിസ്മയക്കൊപ്പം മനോജ് കെ.ജയന്‍, സായികുമാര്‍, ആശിഷ് ജോ ആന്റണി, ജാഫര്‍ ഇടുക്കി, തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന തുടക്കം ബോക്‌സ് ഓഫീസില്‍ നിന്നും അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞയാഴ്ച്ച ചിത്രം ജിയോ ഹോട്‌സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.
Content Highlight: Vismaya Mohanlal’s second film directing Arun Bose announced
