ഫിഫ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ആഫ്രിക്കൻ കരുത്തരായ മൊറോക്കോ. ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കാണ് മൊറോക്കോ മുന്നേറിയത്. ബ്രസീലിനെ ആറാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് ആഫ്രിക്കൻ ടീം അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ സമനില വഴങ്ങിയതാണ് ബ്രസീലിനെ റാങ്കിങ്ങിൽ പിന്നോട്ട് നയിച്ചത്. ഈ സമനിലയിൽ 02.02 പോയിന്റ് ബ്രസീലിന് കുറയുകയും 1802.90 ആവുകയുമായിരുന്നു. ഈ സമയം 1803.99 പോയിന്റോടെയാണ് മൊറോക്കോ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.

2027 ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ് യോഗ്യത മത്സരത്തിൽ ഗാബോനിനെതിരെയുള്ള 2-0തിന്റെ വിജയവും 2026 ലോകകപ്പിലെ മിന്നും പ്രകടനങ്ങളുമാണ്‌ മൊറോക്കോയെ റാങ്കിങ്ങിൽ മുന്നോട്ട് നയിച്ചത്. ഫിഫ റാങ്കിങ്ങിൽ ഒരു ആഫ്രിക്കൻ രാജ്യം നേടുന്ന ഏറ്റവും മികച്ച സ്ഥാനമാണിത്.

1994ൽ നൈജീരിയയായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ നൈജീരിയയുടെ 32 വർഷം പഴക്കമുള്ള റെക്കോഡിനൊപ്പവും മൊറോക്കോ തങ്ങളുടെ പേര് എഴുതിചേർത്തിരിക്കുകയാണ്. 1994ലെ ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ് വിജയിച്ചതും ആ വർഷം നടന്ന ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനവുമാണ് നൈജീരിയയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചിരുന്നത്.

നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് ലോക ചാമ്പ്യൻമാരായ സ്പെയ്നാണ്. അർജന്റീനയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ഓസ്ട്രേലിയ കാനറിപ്പടയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ഓസ്ട്രേലിയയാണ് ആദ്യം ലീഡ് നേടിയത്. ഒരു മനോഹരമായ ഫ്രീ കിക്കിലൂടെ ഇരങ്കുണ്ടയാണ് ബ്രസീലിനെ ഞെട്ടിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ ബ്രസീൽ സമനില ഗോൾ നേടുകയായിരുന്നു. റയാനിലൂടെയായിരുന്നു ബ്രസീൽ സമനില പിടിച്ചത്. സൂപ്പർതാരം റഫീന്യയെടുത്ത കോർണർ കിക്കിൽ നിന്നുമായിരുന്നു താരം ഗോൾ നേടിയത്.

 

Content Highlight: Morocco football team create a historical record in fifa ranking