മികച്ച നടനുള്ള നാലാമത്തെ ദേശീയ അവാര്‍ഡും തന്റെ ഷെല്‍ഫിലെത്തിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞദിവസം ഗുജറാത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്നായിരുന്നു മമ്മൂട്ടി പുരസ്‌കാരം സ്വീകരിച്ചത്. തിരിച്ച് നാട്ടിലെത്തിയ മമ്മൂട്ടി പുതിയ ചിത്രമായ മേളയുടെ സെറ്റില്‍ ജോയിന്‍ ചെയ്യാനൊരുങ്ങുകയാണ്. എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയപരമായ വിവാദങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് അദ്ദേഹം.

സംഘപരിവാറിനെ സുഖിപ്പിക്കാന്‍ മമ്മൂട്ടി നടക്കുകയാണെന്ന് മീഡിയാ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ ചര്‍ച്ചയായതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ച മമ്മൂട്ടി അവിടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമക്ക് പുഷ്പാര്‍ച്ചന നടത്തിയത് സംഘപരിവാറിനെ സുഖിപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണെന്ന് ഔട്ട് ഓഫ് ഫോക്കസ് ആരോപിച്ചു.

15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ മമ്മൂട്ടി ബി.ജെ.പിയുടെ ഏജന്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഔട്ട് ഓഫ് ഫോക്കസിന്. മോഹന്‍ലാലിന് കിട്ടിയതുപോലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടണമെങ്കില്‍ സംഘപരിവാറിനെ സുഖിപ്പിച്ച് നില്‍ക്കണമെന്നും അതിനുള്ള ശ്രമമാണ് ഇതൊക്കെയെന്നും ചര്‍ച്ച നടത്തിയവര്‍ ആരോപിച്ചു.

കൊച്ചിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് മമ്മൂട്ടി പോയിട്ടുണ്ടെന്നും സവര്‍ക്കറുടെ ഫോട്ടോയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയെന്നും തുടങ്ങിയ ആരോപണവും അവതാരകരിലൊരാളായ അജിംസ് ചര്‍ച്ചയില്‍ ഉയര്‍ത്തി.

‘കൊച്ചിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ഈ മഹാനടന്‍ പോയിട്ടുണ്ട്. അവിടെ സവര്‍ക്കറുടെ ഫോട്ടോയ്ക്ക് പുഷ്പാര്‍ച്ചനയും നടത്തി. ഇതിന്റെയൊന്നും ഫോട്ടോ എടുക്കരുതെന്ന് മമ്മൂട്ടി പ്രത്യേകം നിര്‍ദേശിച്ചു’ അജിംസ് പറഞ്ഞു. യാതൊരു തെളിവുമില്ലാത്ത ഈ ആരോപണത്തിനെതിരെ മമ്മൂട്ടിയുടെ ആരാധകര്‍ രോഷാകുലരായിരിക്കുകയാണ്.

‘ദുല്‍ഖറിന്റെ പേരിലുള്ള ഇ.ഡി കേസ് ഇല്ലാതാക്കന്‍ വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍’, ‘ഒരു അഭിമുഖത്തില്‍ ദുല്‍ഖറിന് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോള്‍ പത്തിരിയും മീനുമാണെന്ന് പറഞ്ഞു. ബീഫെന്ന് പറഞ്ഞാല്‍ തെലുങ്കില്‍ അവസരം നഷ്ടമാകുമെന്നുള്ള പേടി കൊണ്ടാകാം അയാള്‍ മാറ്റിപ്പറഞ്ഞത്’ എന്നിങ്ങനെ ഒരുപാട് ആരോപണങ്ങളായിരുന്നു ഔട്ട് ഓഫ് ഫോക്കസില്‍ വന്നത്.

ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആരാധകര്‍ രോഷാകുലരായി രംഗത്തെത്തിയിരിക്കുകയാണ്. ഭ്രമയുഗത്തിന് ലഭിച്ച അവാര്‍ഡ് ആരുടെയും കാലുപിടിച്ച് സ്വന്തമാക്കിയതല്ലെന്നും അര്‍ഹതയുള്ള പുരസ്‌കാരമാണെന്നുമായിരുന്നു പ്രധാന മറുപടി. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന നടനാണ് മമ്മൂട്ടിയെന്നും ഇത്തരം വ്യാജ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ വേറെ ആളെ നോക്കാനും കമന്റുകളുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകള്‍ മുന്നോട്ടുവെക്കുന്ന വിമര്‍ശനത്തില്‍ ചില കാര്യങ്ങളുണ്ടെന്നതും നിഷേധിക്കാനാകില്ല. ആയിരക്കണക്കിന് ആദിവാസികളെ കുടിയിറക്കിയ സ്ഥലത്ത് കെട്ടിപൊക്കിയ പട്ടേലിന്റെ പ്രതിമയില്‍ മമ്മൂട്ടിയെപ്പോലൊരു നടന്‍ പുഷ്പാര്‍ച്ചന നടത്തിയതിനെയാണ് ഇടതുപക്ഷ അനുകൂലികള്‍ വിമര്‍ശിക്കുന്നത്.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അതേ മമ്മൂട്ടി ഗുജറാത്തില്‍ പോയപ്പോള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത് ബി.ജെ.പിയുടെ എറണാകുളം ജില്ലാ നേതാവ് സി.ജെ രാജഗോപാലാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. റഫീഖിനെ മാറ്റിനിര്‍ത്തി രാജഗോപാലിനെ അടുത്ത് നിര്‍ത്തുന്ന മമ്മൂട്ടിയുടെ സമീപനത്തെയും വിമര്‍ശിക്കുന്നുണ്ട്.

കൈരളി ടി.വിയുടെ ചെയര്‍മാനായ മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെന്നത് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇടതുപക്ഷ സഹയാത്രികനായി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കന്മാര്‍ മമ്മൂട്ടിയുടെ സുഹൃദ്‌വലയത്തിലുണ്ട്. ഒരിക്കലും വ്യക്തിലാഭത്തിന് വേണ്ടി രാഷ്ട്രീയ സൗഹൃദം മുതലെടുക്കുന്നയാളല്ല മമ്മൂട്ടിയെന്നാണ് സാധാരണക്കാരുടെ വിശ്വാസം.

മമ്മൂട്ടി,Photo: Mammootty/Facebook

ഭ്രമയുഗത്തിന് മുമ്പ് ഒരുപാട് തവണ അര്‍ഹതപ്പെട്ട പുരസ്‌കാരം മമ്മൂട്ടിക്ക് തഴയപ്പെടുന്നുണ്ട്. തെലുങ്കിലെ കത്തി സിനിമകളിലെ നായകനായ ചിരഞ്ജീവിക്ക് വരെ പദ്മവിഭൂഷണ്‍ നല്‍കിയപ്പോഴും പദ്മ പുരസ്‌കാരങ്ങളിലും അദ്ദേഹത്തിന്റെ പേര് വന്നിട്ടില്ലായിരുന്നു. 1998ല്‍ പദ്മശ്രീ ലഭിച്ച മമ്മൂട്ടിക്ക് ഈ വര്‍ഷമാണ് പദ്മഭൂഷണ്‍ ലഭിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ ഇത്തരം വസ്തുതകള്‍ സൗകര്യപൂര്‍വം മറക്കുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

Content Highlight: Out of Focus program alleged that Mammootty is now with Sangh Parivar