മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 1994ലാണ് തിയേറ്ററുകളിലെത്തിയത്. കാലം ഇത്രയും പിന്നിട്ടിട്ടും സിനിമയിലെ കഥാപാത്രങ്ങളും ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഓർമകളിൽ നിറഞ്ഞുനിൽകുന്നവയാണ്.

റീ-റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സിനിമയിലും അതിന്റെ അണിയറയിലും ശ്രദ്ധേയ വേഷങ്ങളിലുമെത്തിയ പ്രധാന കഥാപാത്രങ്ങളടക്കം ഏഴോളം പ്രിയപ്പെട്ട താരങ്ങൾ ഇന്ന് നമ്മോടൊപ്പമില്ല.

തേന്മാവിൻ കൊമ്പത്ത്. Photo. IMDb

നെടുമുടി വേണു, ശ്രീനിവാസൻ, സുകുമാരി, കെ.പി.എ.സി. ലളിത, കുതിരവട്ടം പപ്പു, കവിയൂർ പൊന്നമ്മ, ശങ്കരാടി, ഖദീജ തുടങ്ങി ചിത്രത്തിന്റെ ഭാഗമായിരുന്ന പ്രമുഖ താരങ്ങളാണ് ഇന്ന് ഓർമ്മകളിൽ മാത്രമായിരിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള കെ.വി ആനന്ദും ഇന്ന് ഓർമയാണ്. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തിരുന്നു.

‘തേന്മാവിൻ കൊമ്പത്തി’ലെ ശ്രീകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. മാണിക്യന്റെ സുഹൃത്തും സിനിമയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അപ്പക്കാളയായി ശ്രീനിവാസനും എത്തി. ഇഞ്ചിമ്മൂട് ഗാന്ധാരിയായി സുകുമാരിയും,  കാത്തുച്ചേച്ചിയായി കെ.പി.എ.സി. ലളിതയും പ്രേക്ഷകരുടെ മുന്നിലെത്തി.

കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. മാണിക്യന്റെ അച്ഛനായി സിനിമയിലെ പ്രധാന കഥാപാത്രതെയാണ് ശങ്കരാടി അവതരിപ്പിക്കുന്നത്. . അതേസമയം, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കാർത്തുമ്പിയെ ശോഭനയും മാണിക്യനെ മോഹൻലാലും അവതരിപ്പിച്ചു. ഇവർക്കൊപ്പം നിരവധി അഭിനേതാക്കളുടെ പ്രകടനങ്ങളും ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയുടെ ഓർമകളുടെ ഭാഗമാണ്.

തേന്മാവിൻ കൊമ്പത്ത്. Photo. Screen Grab/ Youtube. IMDb

മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി നല്ല വേഷങ്ങളിൽപെട്ടവയാണ്. അതുപോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളുമെല്ലാം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ, സിനിമയുടെ ഭാഗമായിരുന്ന പല പ്രിയപ്പെട്ട മുഖങ്ങളും ഇന്ന് ഓർമയാണ്. ചിത്രം റീ റിലീസിനെത്തുമ്പോൾ അവരുടെ ഓർമകളും അതിനൊപ്പം തിരിച്ചെത്തുകയാണ്. 32 വർഷങ്ങൾക്ക് ശേഷമുള്ള ‘തേന്മാവിൻ കൊമ്പത്തി’ന്റെ തിരിച്ചുവരവിന് അതുകൊണ്ടുതന്നെ ഒരു റീ-റിലീസിനപ്പുറമുള്ള ഓർമകൾ കൂടിയാണ്.

Content Highlights: ‘Thenmavin Kombathu’ returns after 32 years; seven beloved stars are no longer with us