എഡിറ്റര്‍
എഡിറ്റര്‍
മില്‍മയുടെ പുതുക്കിയ പാല്‍ വില പ്രാബല്യത്തില്‍
എഡിറ്റര്‍
Sunday 14th October 2012 10:38am

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മയുടെ പുതുക്കിയ പാല്‍ വില പ്രാബല്യത്തില്‍. എല്ലാത്തരം പാലുകള്‍ക്കും അഞ്ച് രൂപ കൂടി. മഞ്ഞക്കവറിലുള്ള ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 27രൂപയില്‍ നിന്ന് 32 രൂപയായി.

Ads By Google

നീലക്കവറിലുള്ള ടോണ്‍ഡ് മില്‍ക്ക് 28ല്‍ നിന്ന് 33 ആയി. പിങ്ക് കവറിലുള്ള ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 30ല്‍ നിന്ന് 35 ആയി. ഹോമോജനൈസ്ഡ് ജഴ്‌സി മില്‍ക്ക് 30 രൂപയില്‍ നിന്ന് 35 രൂപയായി.

കൊഴുപ്പുകൂടിയ റിച്ച് പ്ലസ് മില്‍ക്കും സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്കും 31ല്‍ നിന്ന് 36 ആയി. അഞ്ചുരൂപയില്‍ ക്ഷീരകര്‍ഷകന് 4രൂപ 60 പൈസ ലഭിക്കും, 20 പൈസ സംഘങ്ങള്‍ക്കും 20 പൈസ ഏജന്റുമാര്‍ക്കും. കാലിത്തീറ്റ വില 50 കിലോ ചാക്കിന് 200 രൂപകൂടി 650 രൂപയില്‍ നിന്ന് 850 രൂപയായി.

കഴിഞ്ഞ സെപ്തംബറിലാണ് മില്‍മ അവസാനമായി പാലിന് വില വര്‍ദ്ധിപ്പിച്ചത്. പാലിനും ഗ്യാസിനും വില കയറിയതോടെ ചായയ്ക്കും കാപ്പിക്കും വില കയറും.

തേയിലയ്ക്ക് വില കൂടിയതിന് പിന്നാലെ ഗ്യാസിനും പാലിനും വില കയറിയതിനാല്‍ ഈ കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമായിരിക്കും ചായയുടെ വില വര്‍ദ്ധിപ്പിക്കുക.

പാല്‍ കര്‍ഷകരെ ഉദ്ദേശിച്ചാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് ന്യായീകരിക്കുന്ന മില്‍മ കാലിത്തീറ്റയ്ക്കും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അമര്‍ഷത്തിന് കാരണമാകുകയാണ്.

പാല്‍ ഉല്‍പ്പാദനത്തിന്റെ ചെലവ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Advertisement