നാലാം ഭാഗത്തോടെ ആട് ഫ്രാഞ്ചൈസി ഞാന്‍ അവസാനിപ്പിക്കും, ഭാവിയില്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ റീബൂട്ട് ചെയ്യാം: മിഥുന്‍ മാനുവല്‍ തോമസ്
Malayalam Cinema
നാലാം ഭാഗത്തോടെ ആട് ഫ്രാഞ്ചൈസി ഞാന്‍ അവസാനിപ്പിക്കും, ഭാവിയില്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍ റീബൂട്ട് ചെയ്യാം: മിഥുന്‍ മാനുവല്‍ തോമസ്
അമര്‍നാഥ് എം.
Sunday, 15th March 2026, 10:55 am

ഓം ശാന്തി ഓശാനക്ക് തിരക്കഥ രചിച്ചുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആദ്യമായി സംവിധാനം ചെയ്ത ആട് തിയേറ്ററില്‍ പരാജയമായെങ്കിലും പിന്നീട് സിനിമാലോകത്ത് തന്റേതായ സ്ഥാനം മിഥുന്‍ നേടിയെടുത്തു. ആദ്യഭാഗം പരാജയമായ ആടിന്റെ രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററാക്കി ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ മിഥുന് സാധിച്ചു.

ഒമ്പത് വര്‍ഷത്തിന് ശേഷം ഷാജി പാപ്പനും കൂട്ടരം വീണ്ടും വരികയാണ്. ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് ഗ്രാന്‍ഡ് സ്‌കെയിലിലാണ് മിഥുന്‍ ആട് 3 ഒരുക്കിയത്. ആട് ഫ്രാഞ്ചൈസ് മൂന്ന് ഭാഗത്തില്‍ നില്‍ക്കില്ലെന്നും നാലാം ഭാഗം ഉണ്ടെന്നുമുള്ള സൂചന പോസ്റ്ററിലുണ്ട്. ആട് 3: വണ്‍ ലാസ്റ്റ് റൈഡ്: പാര്‍ട്ട് വണ്‍ എന്നാണ് ചിത്രത്തിന്റെ പേര്.

മിഥുന്‍ മാനുവല്‍ തോമസ് Photo: Screen grab/ Club fM

നാലാം ഭാഗം വെറുതേ ചെയ്യുന്നതല്ലെന്നും കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും മിഥുന്‍ പറയുന്നു. കഥ പൂര്‍ത്തിയായപ്പോള്‍ ഒരു പാര്‍ട്ടില്‍ ഒതുക്കാന്‍ കഴിയാതെ പോയെന്നും അതിനാലാണ് നാലാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആട് 3ക്ക് ലഭിക്കുന്ന സ്വീകാര്യത അറിഞ്ഞതിന് ശേഷമേ നാലാം ഭാഗത്തിലേക്ക് കടക്കുകയുള്ളൂവെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡ്യൂറേഷന്‍ വൈസ് ഒരു സിനിമയില്‍ ഈ പാര്‍ട്ട് തീരില്ലെന്ന് റൈറ്റിങ്ങിന്റെ സമയത്ത് എനിക്ക് ഉറപ്പായിരുന്നു. വേള്‍ഡ് ബില്‍ഡിങ്ങിന് ഒരുപാട് സമയമെടുക്കുന്നുണ്ട്. ആട് 3യുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 47 മിനിറ്റാണ്. ഒരു പാര്‍ട്ടും കൂടെ വേണ്ടിവരുമെന്ന് അതോടെ ഉറപ്പായി. അതുകൊണ്ട് മൂന്നാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ ഗ്രീന്‍ സിഗ്നല്‍ തരികയാണെങ്കില്‍ ഉറപ്പായിട്ടും അടുത്ത പാര്‍ട്ടുണ്ടാകും.

നാലാം ഭാഗത്തോടുകൂടി ആട് ഫ്രാഞ്ചൈസി ഞാന്‍ നിര്‍ത്തും. പിന്നീട് അതിലേക്ക് ഞാന്‍ കടക്കില്ല. ഭാവിയില്‍ ആര്‍ക്കെങ്കിലും ആ കഥയോ അതിലെ കഥാപാത്രത്തെയോ വേറൊരു സിനിമയായി ഒരുക്കണമെങ്കില്‍ ഒരുക്കാം. അതെല്ലാം പ്രൊഡ്യൂസറുടെ ഇഷ്ടമാണ്. ആരെങ്കിലുമൊക്കെ ചെയ്യുമായിരിക്കും. ബ്ലേഡ് റണ്ണറെന്ന സിനിമ അതുപോലെ ചെയ്തിരുന്നല്ലോ,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും മൂന്നാം ഭാഗത്തില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. കോമഡിക്കൊപ്പം ഴോണര്‍ ഷിഫ്റ്റും ആട് 3 നടത്തുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ടൈം ട്രാവലാകും കഥയെന്ന് പലരും അനുമാനിക്കുന്നുണ്ട്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഈ വര്‍ഷത്തെ ആദ്യത്തെ 100 കോടി ചിത്രമായി ആട് 3 മാറിയേക്കും.

Content Highlight: Midhun Manuel Thomas saying he will stop Aadu franchise after fourth part

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം