ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 221 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് നേടിയത്.

മത്സരത്തില്‍ എല്‍.എസ്.ജിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് നടത്തിയത്. മിച്ചല്‍ മാര്‍ഷിന്റെയും വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ലഖ്‌നൗ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 57 പന്തില്‍ 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. താരം സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും നാല് റണ്‍സകലെ മാര്‍ഷ് റണ്‍ ഔട്ടാവുകയിരുന്നു.

ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരമാണ് മാര്‍ഷ് നഷ്ടപ്പെടുത്തിയത്. സീസണിലെ തന്റെ ആദ്യ സെഞ്ച്വറി മാര്‍ഷ് നേടിയത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയായിരുന്നു. 56 പന്തില്‍ 111 റണ്‍സാണ് മാര്‍ഷ് നേടിയത്. ഒമ്പത് വീതം സിക്‌സുകളും ഫോറുകളും അടങ്ങുന്നതാണ് മാര്‍ഷിന്റെ ഇന്നിങ്സ്.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

2026 ഐ.പി.എല്ലില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയത് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണ്‍ മാത്രമാണ്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്.

മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം രാജസ്ഥാനെതിരെ മര്‍ഷിന് പുറമെ ജോഷ് ഇംഗ്ലിസ് 29 പന്തില്‍ 60 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനവും ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ 35 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് പന്ത് നേടിയത്.

രാജസ്ഥാന്‍ ബൗളിങ്ങില്‍ യാഷ് പുഞ്ച രണ്ട് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Michell Marsh miss to score second century in IPL 2026