കുവൈത്ത്: ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയാനാകാതെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. കുവൈത്തില്‍ ബി.ജെ.പിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമല വിഷയത്തില്‍ വനിതാ നേതാവെന്ന നിലയിലുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണെന്നുള്ള മറുപടി നല്‍കി. രണ്ടാമത് ബി.ജെ.പി വക്താവ് എന്ന നിലയില്‍ ബി.ജെ.പിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യമാണ് ലേഖിയെ ചൊടിപ്പിച്ചത്.

പി.എസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് മീനാക്ഷി ലേഖി ഇറങ്ങിപ്പോയത്. വാര്‍ത്താസമ്മേളനം അവസാനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയുമായി ശ്രീധരന്‍ പിള്ള ആദ്യ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരായി നില്‍ക്കുന്നവര്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി നിലപാട് പ്രഖ്യാപിച്ചിരുന്നു.