മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ യുവനടന്മാരാണ് നസ്‌ലെനും മാത്യു തോമസും. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരുവരും പിന്നീട് നിരവധി സിനിമകളില്‍ ഒന്നിച്ചെത്തി. ജോ ആന്‍ഡ് ജോ, നെയ്മര്‍, പ്രേമലു എന്നീ ചിത്രങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തിരുന്നു.
ലോകഃ ചാപ്പ്റ്റര്‍ വണ്‍ ചന്ദ്രയാണ് നസ്‌ലെന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രം അന്യ ഭാഷകളിലും ചര്‍ച്ചാ വിഷയമായിരുന്നു. സിനിമയില്‍ സണ്ണി എന്ന കഥാപാത്രമായാണ് നസ്‌ലെന്‍ എത്തിയത്.
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ സുഖമാണോ സുഖമാണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് യെസ് 27 മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകഃസിനിമയെ കുറിച്ചും നസ്‌ലെനെ കുറിച്ചും സംസാരിക്കുകയാണ് മാത്യു.
‘ലോകഃസിനിമയുടെ വേള്‍ഡ് ബില്‍ഡിങ്ങും മറ്റും എക്‌സൈറ്റിങ്ങായിരുന്നു. മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ഒരു തരം സിനിമയായിരുന്നു അത്. പക്ഷേ എനിക്ക് ഏറ്റവും സന്തോഷം, നസ്‌ലെന്‍ ആ സിനിമയില്‍ എങ്ങനെ ഹ്യൂമര്‍ കൈകാര്യം ചെയ്തുവെന്നതാണ്. അവന്‍ ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ലോകയിലെ ക്യാരക്ടര്‍ അവതരിപ്പിച്ചത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു, ജോ ആന്‍ഡ് ജോ എന്നീ സിനിമകളില്‍ നിന്നെല്ലാം മാറി ലോകയില്‍ അവന്‍ ചെയ്തത് വളരെ വ്യത്യസ്തമായിട്ടാണ്, ഭയങ്കര ഫ്രഷായിരുന്നു അത്. എനിക്ക് നസ്‌ലെന്‍ സ്‌ക്രീനില്‍ വരുന്ന ഭാഗങ്ങളൊക്കെ വളരെ രസകരമായി തോന്നി. പ്രത്യേകിച്ച് ‘കള്ളിയങ്കാട്ട് നീലി’ എന്ന് പറയുന്ന ഭാഗമൊക്കെ വളരെ രസകരമായിരുന്നു. പറയുന്നതിലെ വോയിസ് മോഡുലേഷനും ജെന്യുവിനിറ്റിയുമെല്ലാം സ്‌ക്രീനില്‍ കാണാന്‍ രസമായിരുന്നു,’ മാത്യു പറയുന്നു.
ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ലോകയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക വേഷത്തിലെത്തിയത്. സിനിമയില്‍ നസ്‌ലെന്‍, മാത്യു തോമസ്, സാന്‍ഡി, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിര അണിനിരന്നു.
അരുണ്‍ലാല്‍ രാമചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ സുഖമാണോ സുഖമാണ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മാത്യു നായകവേഷത്തിലെത്തിയ ചിത്രത്തില്‍ ദേവിക സഞ്ജയാണ് നായിക. ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Mathew thomas talks about naslen performance in lokah