ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരം മെസി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഇതിഹാസ താരം മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് മുന്‍ താരം മരിയോ കെംപസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ കഴിയാതെ പോയ അര്‍ജന്റീന നിര്‍ണ്ണായകമായ മത്സരത്തില്‍ നാളെ ഇക്വഡോറിനെ എതിരിടാനിരിക്കെയാണ് കെംപസിന്റെ പ്രസ്താവന.

ഇക്വഡോറിനെതിരെ ജയിച്ചാല്‍ മാത്രമേ സാംമ്പോളിയുടെ ടീമിന് പ്ലേ ഓഫെങ്കിലും കളിക്കാന്‍ സാധിക്കൂ. ലോകകപ്പ് സാധ്യതകള്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരെ സംബന്ധിച്ച് ഏറെക്കുറെ അസ്മതിച്ചിരിക്കുകയാണ്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്നും മെസിയും സംഘവും പുറത്തായാല്‍ അത് വന്‍ ദുരന്തമായിരിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ മെസി മറഡോണയോളം പോന്നവനല്ല എന്ന വാദത്തിന് ആക്കം കൂടുമെന്നും കെംപസ് പറയുന്നു.

“അര്‍ജന്റീനയും മെസിയും ഇല്ലാത്ത ലോകകപ്പ് വന്‍ ദുരന്തമായിരിക്കും.” സൂപ്പര്‍ ഡിപ്പോര്‍ട്ടീവോ റേഡിയോ ഡി സാന്റെ ഫേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെംപസ് പറയുന്നു.


Also Read:  ‘മലയാളത്തില്‍ ഇപ്പോള്‍ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല, എന്നാലും ഞാന്‍ ഹാപ്പിയാണ്’; ഭാവന പറയുന്നു, വീഡിയോ


അതേസമയം, ടീമിന് മാനസിക സമ്മര്‍ദ്ദമുണ്ടെന്നത് അവിശ്വസനീയമായ വാദമാണെന്നും അദ്ദേഹം പറയുന്നു.” ടീമിലേക്ക് ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ടവര്‍ക്കോ, ആദ്യമായി കളിക്കുന്നവര്‍ക്കോ മാനസിക പ്രശ്‌നമുണ്ടാകും, അവര്‍ ഭയപ്പെട്ടിരിക്കും. പക്ഷെ ഈ സാഹചര്യത്തില്‍ പ്രശ്‌നം മാനസികമല്ല.” കെംപസ് വ്യക്തമാക്കുന്നു.

അര്‍ജന്റീനയുടെ രക്ഷകനെന്നായിരുന്നു സാംമ്പോളിയെ കുറിച്ച് ആളുകള്‍ പറഞ്ഞിരുന്നത്, അത് തെളിയിക്കാനുള്ള അവസരമാണ് സാംമ്പോളിയ്ക്ക് ഈ 90 മിനുറ്റുകളെന്നും അദ്ദേഹം പറയുന്നു.

നേരത്തെ, മെസിയ്‌ക്കൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് യുവന്റസ് താരം പൗലോ ഡിബാല പറഞ്ഞിരുന്നു. എന്നാല്‍ ഡിബാലെയുടെ വാക്കുകള്‍ കെംപസ് ശരിവെയ്ക്കുകയാണ്. ഡിബാല പറഞ്ഞത് ശരിയാണെന്നും എന്നാലതിനെ മറ്റൊരര്‍ത്ഥത്തില്‍ എടുക്കരുതെന്നും മെസിയും ഡിബാലെയും ക്ലബില്‍ ഒരേ പൊസിഷനില്‍ കളിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.