അര്‍ജന്റീനക്കൊപ്പം വിടവാങ്ങല്‍ മത്സരത്തിന് ഒരുങ്ങുകയാണ് ഇതിഹാസ താരം ലയണല്‍ മെസി. ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോണുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിനെതിരെയാണ് മെസി അവസാനമായി നീലക്കുപ്പായത്തില്‍ കളത്തിലിറങ്ങുക.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി മെസിയെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീന്യോ. തന്റെ ഹൃദയത്തില്‍ മെസിക്ക് പ്രത്യേകമായ ഒരു സ്ഥാനമുണ്ടെന്നാണ് റൊണാള്‍ഡീന്യോ പറഞ്ഞത്.

റൊണാള്‍ഡീന്യോ

ഫുട്‌ബോളിന്റെ മെസി സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളിലും താന്‍ സന്തോഷവാനാണെന്നും ബ്രസീലില്‍ ഇതിഹാസം വ്യക്തമാക്കി. സ്‌കൈ ന്യൂസ് അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡീഞ്ഞോ.

‘മെസി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ ഹൃദയത്തില്‍ അവന് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. അവന്‍ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിലും ഇനി നേടാന്‍ പോകുന്നതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.

ഇതുവരെ എല്ലാവരെയും സന്തോഷിപ്പിച്ചത് പോലെ ഇനിയും സന്തോഷിപ്പിക്കാനും, ഫുട്‌ബോളില്‍ നിന്നും മികച്ച രീതിയില്‍ വിട പറയാനും അവന് സാധിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം,’ റൊണാള്‍ഡീന്യോ പറഞ്ഞു.

മെസിയും റൊണാൾഡീന്യോ

കളിക്കളത്തിന് അകത്തും പുറത്തും റൊണാള്‍ഡിന്യോയും മെസിയും മികച്ച ബന്ധം പുലര്‍ത്തുന്നവരാണ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഇരുവരും ഒരുമിച്ച് പന്ത് തട്ടി അവിസ്മരണീയമായ നിമിഷങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബാഴ്‌സലോണ സീനിയര്‍ ടീമിന് വേണ്ടി മെസി ആദ്യമായി ഗോള്‍ നേടിയപ്പോള്‍ അസിസ്റ്റ് നല്‍കിയിരുന്നത് ബ്രസീലിയന്‍ ഇതിഹാസം ആയിരുന്നു. കറ്റാലന്മാര്‍ക്കൊപ്പം നാല് സീസണുകളില്‍ 80 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളത്തിലിറങ്ങിയത്.

മെസിയും റൊണാൾഡീന്യോ

അതേസമയം അടുത്തിടെയാണ് മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

2026 ഫിഫ ലോകകപ്പില്‍ മെസിയുടെ മികവില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തന്റെ അവസാന ലോകകപ്പ് അവസാനിപ്പിച്ചത്.

ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനും മെസി തന്നെയാണ്.

 

Content Highlight: Ronaldinho about Lionel Messi