മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ ആങ്കറിങ്ങിലൂടെ വലിയ ജനശ്രദ്ധ നേടിയ താരം തന്റെ വേറിട്ട അവതരണ ശൈലിയിലൂടെ മലയാളത്തിലെ മുന്‍നിര അവതാരകമാരിലൊരാളായി സ്ഥാനം നേടുകയായിരുന്നു. ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണില്‍ താരം മത്സരാര്‍ത്ഥിയായി പങ്കെടുത്തിരുന്നു.

തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ തനിക്ക് കരിയറില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂരില്‍ ഒരു ആഡ് ഷൂട്ടിങ്ങിനായി പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം സംസാരിച്ചത്. തുടര്‍ന്ന് തന്നോട് മോശമായി പെരുമാറിയ ആളുടെ വീട്ടില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കിയതിനെ കുറിച്ചും രഞ്ജിനി വീഡിയോയില്‍ സംസാരിച്ചു.

‘കണ്ണൂരിലെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ഒരു ആഡ് ഷൂട്ടിനായി ഞാന്‍ പോയിട്ടുണ്ടായിരുന്നു. നല്ല പെയ്‌മെന്റ് എല്ലാം പറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഷൂട്ടെല്ലാം തീര്‍ത്തു. അതിന് ശേഷം ക്ലൈന്റിനെ പോയികണ്ടു. പോകുകയാണെന്ന് പറഞ്ഞപ്പോള്‍ നിന്നൂടെ. നിന്നൂടെ.. എന്നാണ് അയാള്‍ എന്നോട് ചോദിക്കുന്നത്. ഇല്ല നില്‍ക്കാന്‍ പറ്റില്ല, എനിക്ക് നാളെ ജോലിയുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ കൂടെ ഡ്രൈവര്‍ ആഷിഖും ഉണ്ടായിരുന്നു.

രഞ്ജിനി ഹരിദാസ്. Photo: X.com

നില്‍ക്കുന്നതും ഇതിന്റെ ഭാഗമാണെന്നും നില്‍ക്കുന്നില്ലേ എന്നും അദ്ദേഹം എന്നോട് വീണ്ടും ചോദിച്ചു. അതും ഇതിന്റെ ഭാഗമാണെന്ന് പറയുന്നത് കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ആരാണ് തന്റെയടുത്ത് ഇതെല്ലാം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞതാണെന്ന് അയാള്‍ പറഞ്ഞു. ഞാനയാളോടൊപ്പം കിടക്കുമെന്നാണ് അയാള്‍ കരുതിയിരിക്കുന്നത്. നേരിട്ട് ഇങ്ങനെ ഒരു സംഭവം എന്റെ ജീവിതത്തില്‍ അതിന് മുമ്പ് ഉണ്ടായിട്ടില്ല.

അയാളെ അവിടെ നിന്നിറക്കി കോര്‍ഡിനേറ്ററുടെ അടുത്ത് കൊണ്ടുപോയി. ഞാനിയാളുടെ കൂടെ കിടന്നുറങ്ങുമെന്ന് താനാണോ ഇയാളോട് പറഞ്ഞതെന്ന് ചോദിച്ചു. അയാള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. അത് കേട്ടിട്ട് രണ്ട് പേരും അവിടെ നിന്ന് പരുങ്ങിയത് ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഷൂട്ടിന് ചെന്നപ്പോള്‍ വീട്ടില്‍ ഡിന്നറുണ്ടാക്കിയിട്ടുണ്ടെന്നെല്ലാം അയാള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ സംഭവം ഉണ്ടായപ്പോള്‍ എനിക്ക് അയാളുടെ വീട്ടില്‍ പോകണമെന്ന് വാശിയായി,’ രഞ്ജിനി പറയുന്നു.

എന്നാല്‍ വീട്ടില്‍ ചെന്നപ്പോള്‍ താനാകെ അത്ഭുതപ്പെട്ടുപോയെന്നും തന്നെ മോളെ എന്ന് വിളിച്ച് നല്ല രീതിയിലാണ് അവിടെ ഉള്ളവരെല്ലാവരും പെരുമാറിയതെന്നും രഞ്ജിനി പറഞ്ഞു.

‘അയാളെ പിടിച്ച് വണ്ടിയില്‍ കയറ്റി പോകുന്ന വഴിക്ക് ഇരുന്ന് ക്ലാസെടുത്ത് കൊടുത്തു. ഈ ജോലി ചെയ്യുന്നവരെല്ലാവരും ഇങ്ങനെയുള്ളവരാണെന്നാണോ നിങ്ങളുടെ വിചാരമെന്ന് ഞാന്‍ ചോദിച്ചു. വീട്ടിലേക്ക് പോകുന്ന വഴിയെല്ലാം അയാള്‍ സോറി മാഡം എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എനിക്ക് ആരുടൊയൊപ്പമാണ് കിടക്ക പങ്കിടേണ്ടതെന്നത് എന്റെ തീരുമാനമാണ്. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും വിലകൊടുത്ത് വാങ്ങിക്കാന്‍ സാധിക്കില്ല. കാരണം എന്നെ സംബന്ധിച്ച് അത് വിലമതിക്കാനാകാത്തതാണ്.

രഞ്ജിനി ഹരിദാസ്. Photo: X.com

അയാളുടെ വീട്ടിലെത്തിയിട്ടും കാറില്‍ നിന്നും ഇറങ്ങുന്നില്ല. ഭാര്യയുടെ അടുത്ത് പറയും എന്ന് ഞാനും ഭീഷണിപ്പെടുത്തുന്നുണ്ട്. പിന്നെ ഞാനായിട്ട് ഒരു കുടുംബം നശിപ്പിക്കേണ്ട എന്ന് തോന്നിയിട്ട് വിട്ടുകളയാമെന്ന് വിചാരിച്ചു. എങ്കിലും വീട്ടില്‍ കയറുമെന്ന് ഞാന്‍ ഉറപ്പിച്ചു. കയറിയപ്പോള്‍ അവിടെയുള്ളത് അവന്റെ അമ്മയും ഭാര്യയും കുറേ മക്കളും അനിയത്തിമാരുമായി കൂട്ടുകുടുംബമാണ്. അവരാണെങ്കില്‍ ഏറ്റവും നല്ല ആള്‍ക്കാരാണ്. പ്രത്യേകിച്ച് മലബാര്‍ ഭാഗത്തേക്ക് പോകുമ്പോഴുള്ള അവരുടെ സ്വീകരണം അറിയാമല്ലോ.

ഇതെല്ലാം കണ്ടിട്ട് അവനെ ഞാനൊന്ന് നോക്കി. അവനെ പോലെ എത്ര പേര്‍ ഈ ലോകത്തുണ്ടാവും എന്നാണ് എനിക്ക് തോന്നിയത്. ഒരു സൈഡില്‍ മാന്യനായ ജീവിതവും മറ്റൊരു വശത്ത് പോക്കിരിത്തരവും. ഇവരെയെല്ലാവരെയും കണ്ടതുകൊണ്ട് ഒരു ഉന്നക്കായ മാത്രം കഴിച്ച് അവിടെ നിന്നിറങ്ങി. ഇവനെ രണ്ട് ചീത്ത കൂടെ പറഞ്ഞു,’ രഞ്ജിനി പറഞ്ഞു.

Content Highlight: Ranjini Haridas shares a bad experience that she faced from a client