മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ സാൻ ഡിഗോ സമനിലയിൽ തളച്ചിരുന്നു. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
മത്സരം സമനിലയായെങ്കിലും ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും പ്രകടനങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് മെസി തിളങ്ങിയത്.
ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസി അത്ഭുതപ്പെടുത്തിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരത്തിന്റെ മഴവിൽ ഗോൾ പിറന്നത്.
തന്റെ ഫുട്ബോൾ കരിയറിലെ 75ാം ഫ്രീ കിക്ക് ഗോൾ നേടിയതിനൊപ്പം മെസി ഒരു പുതിയ ചരിത്രവും മേജർ ലീഗ് സോക്കറിൽ എഴുതിച്ചേർത്തു. എം.എൽ.എസ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് സീസണുകളിൽ 20 ഗോളുകളും 10 അസിസ്റ്റുകളും നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്.
2024 സീസണിൽ 20 ഗോളുകളും 16 അസിസ്റ്റുകളും നേടിയാണ് മെസി വരവറിയിച്ചത്. 2025ൽ 29 ഗോളുകളും 19 അസിസ്റ്റുകളും നേടി മെസി തിളങ്ങി. ഇപ്പോൾ മൂന്നാം സീസണിലും മെസി സ്ഥിരതയാർന്ന പ്രകടനം നടത്തിയതോടെയാണ് പുതിയ റെക്കോഡും അർജന്റൈൻ ഇതിഹാസം സ്വന്തമാക്കിയത്. ഈ സീസണിൽ ഇതുവരെ 20 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്.
ഈ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 930 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. 70 ഗോളുകൾ കൂടി എതിരാളികളുടെ വലയിൽ എത്തിച്ചാൽ മെസിക്ക് ആയിരം ഗോളുകളെന്ന മാന്ത്രിക സംഖ്യയിലേക്കും കാലെടുത്തുവെക്കാൻ സാധിക്കും.

അതേസമയം മത്സരത്തിൽ ആൻഡേഴ്‌സ് ഡ്രെയറാണ് സാൻ ഡിഗോക്ക് വേണ്ടി ഇരട്ട ഗോൾ നേടി തിളങ്ങിയത്. മയാമിക്കായി മെസിക്ക് പുറമെ സുവാരസുമാണ് ഗോൾ നേടിയത്.
നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്താണ് മെസിയും സംഘവും. 26 മത്സരങ്ങളിൽ നിന്നും 12 വിജയവും 10 സമനിലയും നാല് തോൽവിയും അടക്കം 46 പോയിന്റാണ് മയാമിക്കുള്ളത്.
Content Highlight: Lionel Messi create a historical record in MLS
