ഹര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ആരും നില്‍ക്കുന്നില്ലെന്ന് തോന്നുന്നു: മനോജ് തിവാരി
Cricket
ഹര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ആരും നില്‍ക്കുന്നില്ലെന്ന് തോന്നുന്നു: മനോജ് തിവാരി
ശ്രീരാഗ് പാറക്കല്‍
Sunday, 3rd May 2026, 8:06 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ മറ്റ് താരങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും പ്രകടനത്തില്‍ സ്ഥിരത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മത്സരത്തെ എല്‍ ക്ലാസിക്കോ എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും തിവാരി ചൂണ്ടിക്കാട്ടി.

‘ഹര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ആരും നില്‍ക്കുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല. എന്റെ അഭിപ്രായത്തില്‍ മറ്റ് കളിക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, സൂര്യ (സൂര്യകുമാര്‍ യാദവ്) മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നില്ല. തിലക് വര്‍മ ഒരു മത്സരത്തില്‍ മിന്നല്‍ പ്രകടനം കാഴ്ചവച്ചെങ്കിലും അതിനുശേഷം കാര്യമായൊന്നും നേടിയിട്ടില്ല.

മറ്റ് കളിക്കാരില്‍ നിന്ന് ഈ നിലയിലുള്ള പൊരുത്തക്കേട് തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെ മികച്ച ഫലങ്ങള്‍ ഉണ്ടാകും? ഇത് വളരെ നിരാശാജനകമാണ്. ഈ മത്സരത്തെ നമ്മള്‍ പലപ്പോഴും ഐ.പി.എല്ലിലെ ‘എല്‍ ക്ലാസിക്കോ’ എന്ന് വിളിക്കുന്നു, പക്ഷേ ഇനി അങ്ങനെ തോന്നുന്നില്ല.

ഇത് ഏകപക്ഷീയമായി മാറിയതിനാല്‍ നമ്മള്‍ ആ പേര് ഉപേക്ഷിക്കണം. അവരുടെ അവസാന ഏഴ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറ് തവണ വിജയിച്ചു. അതിനാല്‍, ഇത് ‘എല്‍ ക്ലാസിക്കോ’ ലെവല്‍ മത്സരം എന്ന് വിളിക്കുന്നത് തെറ്റായിരിക്കും!,’ മനോജ് തിവാരി ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. അതേസമയം തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

Content Highlight: Manoj Tiwary Talking About Hardik Pandya And Mumbai VS Chennai Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ