കൊച്ചി: വിവിധ കാലങ്ങളിലായി വ്യത്യസ്തങ്ങളായ ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ മഞ്ജു തന്നെ പാടിയ ‘കിം കിം കിം’ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത്.

ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Manju Warrier with ‘Kim Kim Kim’ Dance Challenge; Video