തൃശ്ശൂര്‍: പൊലീസ് റിമാന്‍ഡില്‍ ആയിരുന്ന തടവുകാരന്‍ മരിച്ചു. മദ്യം വിറ്റ കേസില്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്ന തടവുകാരനാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.

കടുത്ത പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ടിജോയാണ് റിമാന്‍ഡിലിരിക്കെ മരണപ്പെട്ടത്. നിയമവിരുദ്ധമായി മദ്യം വിറ്റകേസില്‍ കഴിഞ്ഞയാഴ്ചയാണ് ഇയാളെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.


ALSO READ: ‘ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു’; സംഗീത സംഘത്തെ ‘ഇന്ത്യന്‍ പട്ടികളെന്ന്’ വിളിച്ച കുവൈറ്റ് എംബസി ജീവനക്കാര്‍ക്കതിരെ അദ്‌നാന്‍ സമി


വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുകയായിരുന്ന ടിജോയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ടിജോയെ പൊലീസ് കസ്റ്റഡിയില്‍ അകാരണമായി മര്‍ദ്ദിച്ചിരുന്നതാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.