തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 25 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്ന ചിത്രത്തിന് രണ്ടാം വാരത്തിൽ തിയേറ്ററുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

അനുരാഗം,പ്രകാശം പരക്കട്ടെ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കഥ മുന്നോട്ടുപോകുമ്പോൾ കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലേക്കും ചിത്രം കടന്നുചെല്ലുന്നുണ്ട്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി സെല്ലുലോയിഡ് മാഗസിന്  നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ അസീസ് നെടുമങ്ങാട്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമ കണ്ടതിന് പിന്നാലെ നടൻ മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ച സന്തോഷം താരം പങ്കുവെച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാനാണ് മമ്മൂട്ടി വിളിച്ചതെന്നും സിനിമ അടിപൊളിയാണെന്നും നല്ലതായിട്ടുണ്ടെന്നും പറഞ്ഞതായി അസീസ് പറഞ്ഞു.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ കണ്ട് മമ്മൂക്ക വിളിച്ചു. സിനിമയെ കുറിച്ച് പറയാനാണ് വിളിച്ചത്. പടം കണ്ടു, അടിപൊളി, നല്ലതായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. അങ്ങനെ എല്ലാ പടവും കണ്ട് വിളിക്കാറില്ല. മൂപ്പർക്ക് കണ്ട് അങ്ങോട്ട് കൊള്ളുന്ന പടങ്ങൾ കണ്ടിട്ട് മാത്രമേ വിളിക്കുകയുള്ളൂ. അപ്പോൾ വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ പറയും,’ അസീസ് പറഞ്ഞു.

ലാലേട്ടനും സിനിമ ഉടൻ കാണുമെന്ന് പറഞ്ഞതായും അസീസ് കൂട്ടിച്ചേർത്തു. അതേസമയം, സിനിമയിലെ തന്റെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ സംവിധായകൻ ഷഹദ് നൽകിയ പിന്തുണയും അദ്ദേഹം ഓർത്തെടുത്തു.

‘സിനിമയിൽ എനിക്കുള്ള റെഫറൻസ് എന്ന് പറയുന്നത് ഷഹദ് വിളിച്ച് കാര്യങ്ങൾ സംസാരിക്കും. എല്ലാം കൃത്യമായി പറഞ്ഞുതരും. നമുക്ക് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്നൊക്കെ പറയും. പിന്നെ കഥയിൽ ഇല്ലാത്ത എന്റെ കഥാപാത്രത്തിന്റെ ബാക്ക്സ്റ്റോറി പോലും ഷഹദ് പറഞ്ഞുതന്നിരുന്നു,’ അസീസ് വ്യക്തമാക്കി.

ഓരോ സിനിമയും തങ്ങൾക്ക് ലഭിക്കുന്ന പരീക്ഷണമാണെന്നും അതിൽ ചിലത് വിജയിക്കുമ്പോൾ വലിയ സന്തോഷമാണെന്നും അസീസ് പറയുന്നു. സിനിമയിലെ ഓരോ ആർട്ടിസ്റ്റും പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മൾ ഓരോ സിനിമയും പരീക്ഷിച്ചു നോക്കുന്നതാണ്. ചില പരീക്ഷണങ്ങൾ വിജയിക്കും. സിനിമകൾ വിജയിച്ച് കാണുമ്പോൾ സന്തോഷമാണ്. ഞാൻ മാത്രമല്ല, ഈ സിനിമയിലെ എല്ലാവരും, എല്ലാ ആർട്ടിസ്റ്റുകളും ഓരോന്നും പരീക്ഷിക്കുകയാണ്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

നമ്മൾ ചെയ്യുന്നത് 100 ശതമാനം വിജയിക്കുമെന്ന രീതിയിൽ അഭിനയിച്ചിട്ടില്ല, അഭിനയിക്കുകയുമില്ല, അങ്ങനെ ചെയ്തുകഴിഞ്ഞാൽ പിന്നെ ടെൻഷനാണ്. അതിന്റെ ഔട്ട് വരുമ്പോൾ ജനങ്ങൾ എങ്ങനെ എടുക്കും, ഏത് രീതിയിൽ എടുക്കും എന്നൊക്കെ ആലോചിക്കും. സിനിമ വിജയിച്ച് ഇതുപോലെ വന്നിരിക്കുമ്പോൾ അതിലേറെ സന്തോഷമാണ്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.

Content Highlight: Actor Asees nedumabgad talks about Pradhama Drishtiya Kuttakkar