കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞിരുന്നു. കരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 147 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് വെറും 69 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറിയുടെയും റിച്ച ഘോഷ്, ഷെഫാലി വര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സിന്റെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
മന്ഥാന 45 പന്തില്‍ 79 റണ്‍സടിച്ചപ്പോള്‍ റിച്ച 22 പന്തില്‍ പുറത്താകാതെ 49 റണ്‍സും ഷെഫാലി 29 പന്തില്‍ 48 റണ്‍സും സ്വന്തമാക്കി. ഷെഫാലിയും റിച്ചയും മൂന്ന് വീതം സിക്‌സറുകള്‍ ഗ്യാലറിയിലെത്തിച്ചപ്പോള്‍ ഏഴ് തവണയാണ് മന്ഥാനയുടെ ബാറ്റില്‍ നിന്നും സിക്‌സര്‍ പിറന്നത്.
മൂവരും ചേര്‍ന്നടിച്ച 13 സിക്‌സറുകള്‍ ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടവും സമ്മാനിച്ചു. ഒരു കലണ്ടര്‍ ഇയറില്‍ നൂറ് ടി-20ഐ സിക്‌സര്‍ പറത്തുന്ന ആദ്യ വനിതാ ടീമെന്ന നേട്ടമാണ് ഇവരിലൂടെ പിറന്നത്. ഇന്നിങ്‌സില്‍ മൂന്നാം സിക്‌സര്‍ പിറന്നപ്പോള്‍ തന്നെ ഇന്ത്യ ഈ നേട്ടത്തിലെത്തിയിരുന്നു.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20ഐ സിക്‌സര്‍ നേടുന്ന വനിതാ ടീം
(ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – 110* – 2026*
സൗത്ത് ആഫ്രിക്ക – 77* – 2026
ഇന്ത്യ – 67 – 2018
ഇന്ത്യ – 65 – 2022
പാകിസ്ഥാന്‍ – 63* – 2026
ബംഗ്ലാദേശ് – 54* – 2026
ഇന്ത്യ – 54 – 2024
സൗത്ത് ആഫ്രിക്ക – 54 – 2024
ശ്രീലങ്ക – 52 – 2022
2026ല്‍ ഇന്ത്യയ്ക്ക് ഇനിയും ആറ് ടി-20 മാച്ചുകള്‍ കളിക്കാനുണ്ട് എന്നതിനാല്‍ തന്നെ ഈ റെക്കോഡ് ഇനിയും ഉയരുമെന്നുറപ്പാണ്.
സിംബാബ്‌വേയുടെ ഇന്ത്യന്‍ പര്യടനമാണ് ഇനി ഹര്‍മനും സംഘത്തിനും മുമ്പിലുള്ളത്. മൂന്ന് വീതം ടി-20കള്‍ക്കും ഏകദിനങ്ങള്‍ക്കുമായാണ് സിംബാബ്‌വേ ഇന്ത്യയിലെത്തുക.
ഒക്ടോബര്‍ 16നാണ് പരമ്പരയിലെ ആദ്യ മത്സരം. റായ്പൂരാണ് വേദി. രണ്ടാം ടി-20 18നും അവസാന മത്സരം 20നും അരങ്ങേറും.
ശേഷം ഡിസംബറിലാണ് ഇന്ത്യ ടി-20 കളിക്കുക. സൗത്ത് ആഫ്രിക്കയിലെ ഓള്‍ ഫോര്‍മാറ്റ് പര്യടനത്തില്‍ ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി-20യുമാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്.
Content Highlight: India becomes the 1st ever team to smash 100 sixes in T20Is
