തിരുവനന്തപുരം: മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. എത്രയും പെട്ടെന്ന് തന്നെ കേസില്‍ നടപടിയെടുക്കണമെന്നും എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പതിനെട്ടാം തിയതി വൈകീട്ടോടെയാണ് തിയേറ്ററില്‍ വെച്ച് കുട്ടി പീഡനത്തിന് ഇരയായത്. സിസി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിനും മാധ്യമങ്ങള്‍ക്കും നല്‍കുകയായിരുന്നു.

വിഷയത്തില്‍ ബാലാവകാശ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.


Dont Miss മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ ക്രൂരമായ ബാലപീഡനം; ദൃശ്യം പതിഞ്ഞത് തിയേറ്ററിലെ സിസി ടിവിയില്‍


പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ നടപടിയുണ്ടാകുന്നില്ല. പ്രതികള്‍ നിര്‍ഭയം നടക്കുകയാണ്. ഇതില്‍ കോടതിക്കും വലിയ ഉത്തരവാദിത്തമുണ്ട്. മാതൃകാപരമായി തന്നെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

ബാലപീഡനമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എന്തുംചെയ്യാം എന്ന രീതിയിലേക്ക് ചിലര്‍ തരംതാഴ്ന്നു കഴിഞ്ഞെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് പ്രതികരിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

മാതൃഭൂമി ന്യൂസാണ് ക്രൂരമായ ബാലപീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്‌ക്കൊപ്പം സിനിമായ തിയേറ്ററില്‍ ഇരിക്കുന്ന പിഞ്ചു ബാലികയാണ് പീഡനത്തിന് ഇരയായത്.

പത്ത് വയസില്‍ താഴെയുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കുന്നത്. ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

രണ്ട് കൈകള്‍കൊണ്ട് കുട്ടിയുടേയും സ്ത്രീകളുടേയും അവയവങ്ങളിലൂടെ കൈകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്. അതേസമയം പ്രതി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കെ.എല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ വന്നിറങ്ങിയത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ തിയേറ്ററില്‍ എത്തി. പിന്നീടങ്ങോട്ട് പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും സ്വകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.