ഇത്തവണത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച് വാഹനപ്രേമികളെ  കയ്യിലെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്ര അവതരിപ്പിച്ച TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റാണ് ഓട്ടോ എക്‌സ്‌പോയെ ഞെട്ടിച്ചിരിക്കുന്നത്.

TUV-300 എസ്.യു.വിയുടെ ഡ്രോപ്‌ടോപ് പതിപ്പാണ് TUV സ്റ്റിംഗര്‍. ആദ്യ ഇന്ത്യന്‍ കണ്‍വേര്‍ട്ടബിള്‍ എസ്.യു.വിയാണ് TUV സ്റ്റിംഗര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. മഹീന്ദ്രയുടെ ഡീസല്‍ mHawk നിരയില്‍ നിന്നുള്ള എഞ്ചിനിലാണ് TUV സ്റ്റിംഗര്‍ ഒരുക്കിയിരിക്കുന്നത്. 140 ബി.എച്ച്.പി കരുത്തും 320 എന്‍.എം ടോര്‍ക്കും ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

 

മഹീന്ദ്രയുടെ കോര്‍പ്പറേറ്റ് ഗ്രില്ലിലാണ് TUV സ്റ്റിംഗറിന്റെയും വരവ്. അതേസമയം കണ്‍വേര്‍ട്ടബിള്‍ എസ്.യു.വിയുടെ ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും ഫോഗ്ലാമ്പുകളും എല്‍.ഇ.ഡി യൂണിറ്റാണ്.

TUV300 എസ്.യു.വിയെ അപേക്ഷിച്ച് ഏറെ കുത്തനെയാണ് TUV സ്റ്റിംഗറിന്റെ A-Pillar. സ്റ്റിംഗറിന്റെ ബോക്സി ഡിസൈനിനെ എടുത്തു കാണിക്കുന്നതിന് A-Pillar സഹായകരമാകുന്നുണ്ട്.

വിശാലമായ അകത്തളമാണ് TUV സ്റ്റിംഗറിന്റെ മറ്റൊരു പ്രത്യേകത. മേല്‍ക്കൂര എടുത്തു കളഞ്ഞതിനാല്‍ തന്നെ ഇനി ഹെഡ്റൂം ഒരു പ്രശ്നമേയല്ല. അര്‍ബന്‍ റഗ്ഗ്ഡ് വെഹിക്കിള്‍ എന്നാണ് TUV സ്റ്റിംഗറിനെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്.