ഭുവനേശ്വര്‍: ഒഡീഷയിലെ കാന്തമാല്‍ ഗ്രാമത്തില്‍ ആറ് മാസം മുമ്പ് നടന്ന ബോക്സൈറ്റ് ഖനന വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗോത്രാവകാശ പ്രവര്‍ത്തകരായ ഡോക്ടര്‍ റാന്‍ഡല്‍ സെക്വേര, ലക്ഷമണ് നായ്ക്ക് എന്നിവരെയാണ് റായ്ഗഡ് ജില്ലയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
2026 ഏപ്രിലില്‍ കാന്തമാല്‍ ഗ്രാമത്തില്‍ നടന്ന ഖനന വിരുദ്ധ പ്രതിഷേധത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ആദിവാസികളെ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് പൊലീസ് പറഞ്ഞത്.
2026 ഒക്ടോബര്‍ 16 രാത്രിയാണ് കലാഹണ്ഡി ജില്ലയിലെ വീടുകളില്‍ നിന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളും ആംസ് ആക്ടും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് പോലീസ് ഈ നടപടി സ്വീകരിച്ചതെന്ന് സിവില്‍ സൊസൈറ്റി സംഘടനകള്‍ ആരോപിക്കുകയും പോലീസ് നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. വാറണ്ടില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരുടെയും ഫോണുകള്‍ പിടിച്ചെടുക്കുകയും അഭിഭാഷകരെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
വേദാന്ത ലിമിറ്റഡിന്റെ ബോക്സൈറ്റ് ഖനന പദ്ധതിയ്ക്കെതിരെ ആദിവാസി, ദളിത് സമുദായങ്ങള്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഇരുവര്‍ക്കുമെതിരെ ഇപ്പോള്‍ കൊലപാതകശ്രമം, കവര്‍ച്ച, ആയുധനിയമം (Arms act) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ജാമ്യം നിഷേധിച്ചു. ഒക്ടോബര്‍ 27 വരെ കോടതികള്‍ക്ക് അവധിയാണ്.
അറസ്റ്റിനെ അപലപിച്ച സിവില്‍ സൊസൈറ്റി കൂട്ടായ്മയായ ഒഡീഷയിലെ ‘കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് കമ്മിറ്റി’ (Concerned Citizens Committee, Odisha), ‘ജല്‍, ജംഗിള്‍, ജമീന്‍’ (വെള്ളം, കാട്, മണ്ണ്) എന്നിവയ്ക്ക് വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടങ്ങളെ തകര്‍ക്കാനാണ് ഈ അറസ്റ്റ് എന്ന് ആരോപിച്ചു.
ജനകീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നവരെയും കോര്‍പ്പറേറ്റ് കൊള്ളയെ ചെറുക്കുന്നവരെയും നിശബ്ദരാക്കാന്‍ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈ ആക്ടിവിസ്റ്റുകളെ ലക്ഷ്യം വയ്ക്കുന്നത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് കാമ്പെയ്ന് എഗൈന്‍സ്റ്റ് സ്റ്റേറ്റ് റിപ്രെഷന് (C.A.S.R) അറസ്റ്റുകളെ അപലപിച്ചുകൊണ്ട് പറഞ്ഞു.
എന്നാല്‍ അറസ്റ്റിലായവര്‍ നിരപരാധികള്‍ അല്ലെന്നും ഡോക്ടര്‍ സെക്വെര ജനങ്ങള്‍ക്ക് വൈദ്യസഹായം നല്കുകയായിരുന്നില്ല, മറിച്ച് സര്‍ക്കാരിനെതിരെ ആദിവാസികളെ ഇളക്കിവിടുകയായിരുന്നു എന്ന് സൗത്ത് വെസ്റ്റേണ്‍ റേഞ്ച് ഡി.ഐ.ജി അഖിലേഷ്വര്‍ സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2026 ഏപ്രിലില്‍ കാന്തമാല്‍ ഗ്രാമത്തില്‍ നാട്ടുകാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.
അന്ന് എഫ്.ഐ.ആറില്‍ ആദ്യഘട്ടത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഇവരുടെ പങ്ക് വ്യക്തമായി എന്നാണ് പൊലീസ് പറയുന്നത്.
‘മാ മാതി മാലി സുരക്ഷാ മഞ്ച്’, ‘സമാജവാദി ജന്‍ പരിഷത്’ എന്നീ സംഘടനകളുടെ പ്രമുഖ ദളിത് സാമുഹിക പ്രവര്‍ത്തകനാണ് ലക്ഷ്മണ് നായിക്്. ഡോ. സെക്വീര കലാഹണ്ഡി , രായഗഡ് ജില്ലകളിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. വ്യവസായവല്‍ക്കരണവും ഖനനവും മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെയും പ്രകൃതി സംരക്ഷണത്തിനായും നിലകൊള്ളുന്നവരാണ് ഇരുവരുമെന്ന് കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് സൊസൈറ്റി പറഞ്ഞു.
Content Highlight: Arrests of Laxman Naik and Dr Randall Sequeira in Kalahandi spark outrage across Odisha
