രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ പ്രതിപക്ഷ കക്ഷികളും കോക്രോച്ച് ജനത പാര്‍ട്ടിയും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ ശക്തമാകുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ തലസ്ഥാനം ദല്‍ഹി അടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയും സി.ജെ.പിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളും 10 മാസത്തിനിടെ 14 തവണ എതിര്‍പ്പ് അറിയിച്ചെന്നും എന്നാല്‍ ഗ്യാനേഷ് ഈ എതിര്‍പ്പ് അവഗണിച്ചെന്നുമുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ഗ്യാനേഷിനെതിരെ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് എസ്.ഐ.ആര്‍ പ്രക്രിയയുടെ ഭാഗമായി 13 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എസ്.ഐ.ആര്‍ മരവിപ്പിക്കണമെന്നും വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറുകളുപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും അടക്കമുള്ള ആവശ്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നു.
ഗ്യാനേഷിന്റെ രാജിവരെ പ്രതിഷേധം തുടരാനാണ് സി.ജെ.പിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. ഗാന്ധി ജയന്തി ദിനത്തിന് ശേഷവും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലാണ് സി.ജെ.പിയുടെ പ്രതിഷേധം ഇന്ന് നടന്നത്. വരും ദിവസങ്ങളില്‍ ബെംഗളൂരു, കൊല്‍ക്കത്ത, റാഞ്ചി, ഗോവ എന്നിവിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളും അവരുടെ യുവ സംഘടനകളും ദല്‍ഹിയില്‍ പ്രതിഷേധിച്ചു. വരും ദിവസങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലടക്കം പ്രതിഷേധിക്കുമെന്ന് ഇന്ത്യ സഖ്യം നേതാക്കള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയും ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇന്ന് ദല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശിലെ നഗരങ്ങളിലും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടന്നു.
ദല്‍ഹി
ദല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പ്രതിഷേധ പരിപാടികള്‍ നടന്നു. ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ദല്‍ഹിയില്‍ ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളടക്കം ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച 700-ഓളം പേരെ ദല്‍ഹി പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പാര്‍ട്ടി എം.പി എ.എ. റഹീമും അടക്കം കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍ ദല്‍ഹി മുഖ്യമന്ത്രി അതിഷി, മുന്‍ മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്, സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്, എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ്, ഐസ നേതാവ് നേഹ ബോറ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജന്തര്‍ മന്തറില്‍ എത്തിയ എ.എ.പി എം.എല്‍.എ സഞ്ജീവ് ഝായെയും പോലീസ് തടഞ്ഞുവെച്ചു.
പ്രതിഷേധ സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ നോര്‍ത്ത് അവന്യൂവില്‍ വെച്ച് തടഞ്ഞിരുന്നു.
പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി സൗരഭ് ഭരദ്വാജ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലമായ ജന്തര്‍ മന്തറില്‍ സമരം നടത്താന്‍ എന്തിനാണ് അനുമതി ആവശ്യമെന്ന് ചോദിച്ച അദ്ദേഹം, ഒരാഴ്ച മുമ്പ് തന്നെ അനുമതി തേടി എ.എ.പി കത്ത് നല്‍കിയിരുന്നതായും വ്യക്തമാക്കി.

എ.എ.പി പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴക്കുന്നു. Photo: AAP/Facebook
ജന്തര്‍ മന്തറിലേക്ക് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയായിരുന്നു എം.എ ബേബി അടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇവര്‍ പ്രതിഷേധിച്ചിരുന്നു. തങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊലീസ് കസ്റ്റഡിയിലെടുക്കവെ എം.എ. ബേബി പറഞ്ഞു. മൂവായിരത്തോളം പേരാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘തലസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ദല്‍ഹി പോലീസിന് കഴിയുന്നില്ല, എന്നാല്‍ ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരാളെ സംരക്ഷിക്കേണ്ടി വരുമ്പോള്‍ അവര്‍ തെരുവിലിറങ്ങുന്നു,’ എന്ന് പൊലീസ് നടപടിയെക്കുറിച്ച് ഐഷെ ഘോഷ് പറഞ്ഞു. ഈ കസ്റ്റഡി നടപടികള്‍ പ്രസ്ഥാനത്തെ തടയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ സംഘടനയുടെ ഓഫീസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് കാല്‍നട ജാഥ നടത്തി. ജാഥക്കിടെ ദേശീയ അധ്യക്ഷന്‍ വിനോദ് ജാഖര്‍ ഉള്‍പ്പെടെയുള്ള നിരവധി എന്‍.എസ്.യു.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ജനവിധിയുടെ ശബ്ദത്തെ ഒരു ശക്തിക്കും അടിച്ചമര്‍ത്താനാവില്ല,’ എന്ന് പൊലീസ് നടപടിയെ അപലപിച്ചുകൊണ്ട് ജാഖര്‍ പറഞ്ഞു. ജനാധിപത്യത്തിന് വേണ്ടിയുള്ള സംഘടനയുടെ സമാധാപരമായ പോരാട്ടം’ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൈസീന റോഡിലെ ഓഫീസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. ഗ്യാനേഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖത്തിന്റ മാസ്‌കുകള്‍ ധരിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
പ്രതിഷേധം തടയാന്‍ ജന്തര്‍ മന്തറിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ പ്രവേശിക്കാന്‍ അനുവദിക്കാതെ ബാരിക്കേഡുപയോഗിച്ച് ജന്തര്‍ മന്തറിന്റെ പ്രവേശനകവാടം പൂര്‍ണമായും അടക്കുന്നതടക്കമുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു.
രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ജന്തര്‍ മന്തര്‍ എന്നിവയുള്‍പ്പെടെ മധ്യ ദല്‍ഹിയിലെ 12 മെട്രോ സ്റ്റേഷനുകള്‍ അധികൃതര്‍ അടച്ചിടുകയും ചെയ്തിരുന്നു. പ്രതിഷേധ സ്ഥലത്തും സമീപ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
മുംബൈ
മുബൈയിലാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധത്തിന് നേരത്തെ മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ശിവാജി പാര്‍ക്കില്‍ ജയില്‍ നിറക്കല്‍ സമരമാണ് സി.ജെ.പി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ രണ്ടിന് വെകിട്ട് നാല് മണിയോടെയാണ് സി.ജെ.പി പ്രതിഷേധം ആരംഭിച്ചത്.
സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും മുതിര്‍ന്ന ബോളിവുഡ് താരം നസറുദ്ദീന്‍ ഷായും സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയും അടക്കം ആയിരങ്ങള്‍ മുംബൈ ശിവാജി പാര്‍ക്കിലെ പ്രതിഷേധത്തില്‍ പങ്കാളികളായി. ഏതാണ്ട് 4000 പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സി.ജെ.പി സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക, സംഘടനയുടെ നിയമകാര്യ വിഭാഗം നേതാവ് രത്‌ന സിങ്, മുതിര്‍ന്ന ബോളിവുഡ് അഭിനേതാക്കളായ നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍ അടക്കമുള്ളവരും ശിവാജി പാര്‍ക്ക് പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന് ഓണ്‍ലൈനില്‍ ഭീഷണി നേരിട്ട 15 വയസ്സുകാരിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ എത്രത്തോളം കഴിവുകെട്ടതാണെന്നതിന്റെ തെളിവാണ് വെറും രണ്ട് മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്ന് ശിവാജി പാര്‍ക്കില്‍ സംസാരിക്കവെ അഭിജിത് ദീപ്‌കെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരാമര്‍ശിച്ചുകൊണ്ട് ‘പോകൂ ഗ്യാനൂ, പോകൂ’ എന്ന് അഭിജിത് ദിപ്‌കെ പറഞ്ഞു. കുമാര്‍ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

CJP Leaders at Sivaji Park Protest. Photo: CJP/Instagram
മഹാത്മാഗാന്ധിയെയും ദീപ്‌കെ അനുസ്മരിച്ചു. ഗാന്ധിയുടെ വധത്തോടെ അദ്ദേഹത്തിന്റെ സ്വാധീനം അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്ന് ദീപ്‌കെ പറഞ്ഞു. ഇവിടെ സന്നിഹിതരായ എല്ലാവരിലൂടെയും ഗാന്ധി ജീവിക്കുന്നു. നാഥുറാം ഗോഡ്സെയുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഒരിക്കലും ഗാന്ധിയെ ഇല്ലാതാക്കാന്‍ കഴിയില്ല. ഗാന്ധി ഇന്ത്യയുടെ ആത്മാവാണെങ്കില്‍, അംബേദ്കര്‍ നട്ടെല്ലും നെഹ്റു മനസുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഗ്യാനേഷിന്റെ രാജി നേടിയെടുക്കുക തന്നെ ചെയ്യുമെന്ന് സൗരവ് ദാസ് പറഞ്ഞു. ‘ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കപ്പെട്ടു. ഇനി മതി, ഗ്യാനു ഭായ്, എല്ലാം കഴിഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ രാജി വാങ്ങുകതന്നെ ചെയ്യും,’ സൗരവ് പറഞ്ഞു.
ലഖ്‌നൗ, കാണ്‍പൂര്‍
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് അടക്കം നടത്തിയാണ് ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീകാത്മക അസ്ഥി കലശവുമായുള്ള ഘോഷയാത്രയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വോട്ട് തട്ടിപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ കലശവുമായി നീങ്ങിയത്. ഇവരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷവുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ചില പ്രതിഷേധക്കാരെ പൊലീസ് കാലില്‍ പിടിച്ച് ഉയര്‍ത്തി വാനിന് അടുത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായും ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍ പ്രദേശില്‍ കാണ്‍പൂരിലും ഈ വിഷയത്തില്‍ എസ്.പി പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ‘രാജ്യത്തെ രക്ഷിക്കൂ, വോട്ടിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി വോട്ട് തട്ടിപ്പിനെതിരെ സംസ്ഥാനത്ത് പ്രചാരണം ആരംഭിക്കാനും എസ്.പി തീരുമാനിച്ചു.
തെരഞ്ഞടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ എസ്.പി നേതാക്കള്‍ ചോദ്യം ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടവകാശത്തെയും കുറിച്ചുള്ള വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് എസ്.പി കാണ്‍പൂര്‍ ജില്ല പ്രസിഡന്റ് അരുണ്‍ കുമാര്‍ ‘ബബ്ലു രാജ’ അറിയിച്ചു. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പരിപാടികള്‍ക്കൊപ്പമാണ് എസ്.പിയുടെ ഈ പ്രചാരണവും നടക്കുന്നത്.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഒക്ടോബര്‍ നാലിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കോലം കത്തിക്കുമെന്ന് എസ്.പി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സുതാര്യത, വോട്ടര്‍മാരുടെ അവകാശങ്ങള്‍, ജനാധിപത്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രചാരണം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Content Highlight: Protests in Indian Cities Demanding Resignation of Gyanesh Kumar by CJP, AAP and INDIA Bloc Parties like SP, INC and CPIM
