നാളെ കൊല്‍ക്കത്തയില്‍ രാത്രി വീഴുമ്പോള്‍, ഒരു പഴയ സ്വപ്നം വീണ്ടുമുണരും. അത്
ചിറകുമുളച്ച് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിന് മുകളില്‍ വെളിച്ചമായി പടരും.

ഇന്ത്യ VS ബ്രസീല്‍

അഞ്ച് ലോകകപ്പുകളുടെ ഓര്‍മ. പെലെയുടെ ഗരിമ. ഗാരിഞ്ചയുടെ ചിരി. റൊണാള്‍ഡീഞ്ഞോയുടെ പെഡലാഡ. കക്കയുടെ നീണ്ട ചുവടുകള്‍. നെയ്മറിന്റെ കണ്ണുകളിലെ കുസൃതി. ഒപ്പം വിനീഷ്യസ് ജൂനിയര്‍, എന്‍ഡ്രിക് തുടങ്ങിയ പുതിയ തലമുറ. ബ്രസീലിന്റെ ജേഴ്‌സിക്ക് ലോകത്തിലെ എല്ലാ സ്റ്റേഡിയങ്ങളിലും കയറാനുള്ള പാസ്‌പോര്‍ട്ടുണ്ട്.

എന്നാല്‍ ഫുട്‌ബോളിന്റെ വലിയ തറവാട്ടുമുറ്റങ്ങളിലെല്ലാം ഇന്ത്യന്‍ ജേഴ്‌സിക്ക് പലപ്പോഴും വാതിലിന് പുറത്താണ് സ്ഥാനം. അവിടെ നിന്നാണ് ഈ കഥ തുടങ്ങുന്നത്, അസാധ്യതയുടെ സെന്റര്‍ സര്‍ക്കിളില്‍, ഈ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു.

ഒരു വശത്ത് കാര്‍ലോ ആഞ്ചലോട്ടി.

കാര്‍ലോ ആന്‍സലോട്ടിയും ബ്രസീല്‍ ടീമും

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ഡ്രസിങ് റൂമുകളിലൂടെ നടന്നുപോയ മനുഷ്യന്‍. മിലാന്‍, മാഡ്രിഡ്, ലണ്ടന്‍, പാരിസ്…

ഉള്ളുപൊള്ളിയ ഫൈനല്‍ രാത്രികള്‍. ചാമ്പ്യന്‍സ് ലീഗിന്റെ സംഗീതം. അയാളുടെ മുഖത്ത് വിജയങ്ങള്‍ കണ്ടുമടുത്ത ശാന്തത.

ഇപ്പുറത്ത് ഖാലിദ് ജമീല്‍.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പൊടിപിടിച്ച മൈതാനങ്ങളില്‍ നിന്ന് വരുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍. അയാളുടെ പേരിന് ചുറ്റും ഒരു പതക്കവും മിന്നുന്നില്ല. ഒരു ഗ്യാലറിയും അയാളുടെ പേര് ചൊല്ലി ഇരമ്പിയിട്ടില്ല. എന്നാല്‍, ഫുട്‌ബോളിന് പ്രശസ്തിയുടെ വെളിച്ചം മാത്രം പോരാ. ചിലപ്പോള്‍ അതിന്റെ ഏറ്റവും വലിയ കഥകള്‍ പിറക്കുന്നത് ഇരുട്ടില്‍ നിന്നാണ്. അത് വിശ്വാസമാണ്. തോല്‍വി വിധിച്ചുവെച്ച ലോകത്തോട്, ‘പോരാടാനുണ്ട്’ എന്ന് നെഞ്ചുയര്‍ത്തിപ്പറയുന്ന ഉറപ്പ്.

അരനൂറ്റാണ്ട് മുമ്പ്‌ ലോക ഫുട്‌ബോളില്‍ ഇന്ത്യക്ക് സ്വന്തം ശബ്ദമുണ്ടായിരുന്നു. ഇന്ന് ആ ശബ്ദം പലപ്പോഴും സ്റ്റേഡിയത്തിന് പുറത്താണ് കേള്‍ക്കാറ്. കേരളത്തിലെ ചായക്കടകളില്‍. കൊല്‍ക്കത്തയിലെ ഗല്ലികളില്‍. ഗോവയിലെ കടല്‍ക്കരകളില്‍. മണിപ്പൂരിലെ മലമടക്കുകളില്‍.

ഇന്ന് വൈകുന്നേരം മലബാറിലെ കുട്ടികള്‍ പന്ത് കാല്‍ക്കീഴില്‍ നിര്‍ത്തി വഴിയരികിലൂടെ പോകുന്ന ഒരാളോട് ചോദിക്കും:

‘ചേട്ടാ, ബ്രസീലിനെതിരെ ഇന്ത്യ കളിക്കുമോ?’

അയാള്‍ പറയും:

‘കളിക്കും.’

അവന് അടുത്ത ചോദ്യം ഉണ്ടാകില്ല.

കാരണം കുട്ടികള്‍ക്ക് സാധ്യവും അസാധ്യവും തമ്മിലുള്ള അതിര്‍ത്തിയറിയില്ല. അത് മുതിര്‍ന്നവരുടെ കണ്ടുപിടുത്തമാണ്. ഒക്ടോബര്‍ മൂന്ന് വൈകുന്നേരം. കൊല്‍ക്കത്തയില്‍ റിക്ഷക്കാര്‍ ശബ്ദമിട്ട് വേഗത്തില്‍ പായുന്നു. മഞ്ഞ ജേഴ്‌സികള്‍ തെരുവുകളിലൂടെ ഒഴുകുന്നു. ടിക്കറ്റ് കിട്ടാത്തവര്‍ സ്റ്റേഡിയത്തിന് പുറത്തുനിന്ന് ശബ്ദമെങ്കിലും കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്നു.ഇന്ത്യ VS ബ്രസീല്‍

ഗ്യാലറിയിലെ ഓരോ സീറ്റിലും ഒരാള്‍. പക്ഷേ ഓരോ സീറ്റിലും ഇരിക്കുന്നത് ഒരാള്‍ മാത്രമല്ല. ഒരാളുടെ കൂടെ അയാളുടെ അച്ഛനുണ്ടാകും. അച്ഛന്റെ കൂടെ അവന്റെ ബാല്യവും. ചിലരുടെ കൂടെ മരിച്ചുപോയ സുഹൃത്ത്. ചിലരുടെ കൂടെ 1980കളിലെ റേഡിയോ. ചിലര്‍ക്കൊപ്പം പഴയ വേള്‍ഡ് കപ്പ് ആല്‍ബം. ഒരുപാട് പേരുടെ കൂടെ ഒരിക്കലും പൂര്‍ത്തിയാകാത്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ സ്വപ്നങ്ങള്‍.

സ്റ്റേഡിയം നിറയുക അറുപതിനായിരം ആളുകള്‍ കയറുമ്പോഴാവും. എന്നാല്‍ അവിടെ എത്തുക കോടിക്കണക്കിന് ഓര്‍മകളാവും. ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ കളിക്കാര്‍ ബൂട്ടുകെട്ടുന്നു. ഗുര്‍പ്രീത് സിങ് സന്ധു ഗ്ലൗസ് ധരിക്കുന്നു. ഡിഫന്‍ഡര്‍മാര്‍ സോക്‌സുകള്‍ ശരിയാക്കുന്നു. അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ജയ് ഗുപ്ത. അവരുടെ ഉള്ളില്‍ വിനീഷ്യസ് ജൂനിയറിന്റെ ഓട്ടം. ലൂയിസിന്റെ ത്രൂപാസുകള്‍. എന്‍ഡ്രിക്കിന്റെ ശരീരവെട്ടിപ്പ്.

ഒരു നിമിഷം ഭീമന്മാരെ ഓര്‍ത്ത് അവര്‍ വെറും പാടത്ത് പന്ത് തട്ടുന്ന കുട്ടികളാകും. പക്ഷേ, കിക്കോഫിന്റെ നിമിഷം കുട്ടികള്‍ക്കും ചരിത്രത്തിനും ഒരേ പ്രായമാണ്. മധ്യനിരയില്‍ സഹല്‍, ആഷിഖ്, ലാലെങ്മാവിയ. അവരുടെ കാലുകളിലേക്ക് പന്ത് എത്തുമ്പോള്‍ അതൊരു ചോദ്യചിഹ്നമായിരിക്കും.

ബ്രസീൽ ടീം. Photo: Fabrizio Romano/x.com

എത്രത്തോളമുണ്ട് ഇന്ത്യയുടെ നിലവാരം? അതിനുള്ള ഉത്തരം സ്‌കോര്‍ബോര്‍ഡില്‍ എഴുതേണ്ടതില്ല. നല്ലൊരു പാസ് മതി. ധീരമായൊരു ഡ്രിബിള്‍ മതി. ഒരു ഷോട്ട് മതി. ഒരു നിമിഷം മതി. ഫുട്‌ബോളില്‍ ചിലപ്പോള്‍ ഒരു നിമിഷം തന്നെ ഒരു രാജ്യത്തിന്റെ ആത്മകഥയാകാറുണ്ട്.

ബ്രസീല്‍ ടീം ഗ്രൗണ്ടിലേക്ക്. ടണലിന്റെ ഇരുട്ടില്‍ നിന്ന് മഞ്ഞ ജേഴ്‌സികള്‍ പ്രത്യക്ഷപ്പെടും. അത് ഒരു സിനിമയിലെ സ്ലോ മോഷന്‍ രംഗം പോലെയായിരിക്കും. സ്റ്റേഡിയത്തിലെ വെളിച്ചം കാനറികള്‍ക്ക് മേല്‍ വീഴും. അവര്‍ക്ക് പിന്നില്‍ ലോക ഫുട്‌ബോളിന്റെ നീണ്ട നിഴല്‍.

മുന്നില്‍ ഇന്ത്യ. അഞ്ച് നക്ഷത്രങ്ങള്‍ക്കെതിരെ സ്വപ്നങ്ങളുടെ മണ്ണെണ്ണ വിളക്ക്. ആ നിമിഷം ആരെങ്കിലും പഴയൊരു ഘടികാരം പിന്നോട്ടു തിരിക്കും. കൊല്‍ക്കത്ത അപ്രതീക്ഷിതമായി പഴയ കല്‍ക്കത്തയാകും. റേഡിയോയില്‍ നിന്ന് കമന്ററി ശബ്ദമുയരും. തെരുവുകളില്‍ നിന്ന് കുട്ടികളുടെ ആര്‍പ്പുവിളികള്‍ കേള്‍ക്കും.

-അച്ഛന്‍ മകനോട്.

‘നോക്ക്… ബ്രസീല്‍.’

മകന്‍ ചോദിക്കും:

‘ഇന്ത്യ ജയിക്കുമോ?’

അച്ഛന്‍ ഉത്തരം പറയാതെ ചിരിക്കും.

കാരണം ഈ മത്സരത്തിന്റെ യഥാര്‍ത്ഥ കഥ ജയിക്കുന്നതും തോല്‍ക്കുന്നതുമല്ല. ഇന്ത്യയ്ക്ക് ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നതല്ല ചോദ്യം. ഇന്ത്യ ബ്രസീലിന് മുന്നില്‍ ഭയമില്ലാതെ കളിക്കുമോ എന്നതാണ്.ബ്രസീലും ഇന്ത്യയും

അതാണ് ഖാലിദ് ജമീലിന്റെയും ഇന്ത്യന്‍ കളിക്കാരുടെയും ദൗത്യം. അതിനാണ് ആനന്ദത്തിന്റെ നഗരം കാത്തിരിക്കുന്നത്.

2026 ജൂണ്‍. അന്തരീക്ഷത്തില്‍ ലോകകപ്പിന്റെ ചൂടും ചൂരും. ഒരു കുട്ടി പന്ത് കൈയില്‍ പിടിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്നു. അവന്‍ ബ്രസീലിന്റെ ജേഴ്‌സിയിലാണ്. അവന് പിന്നിലെ ചുവരില്‍ നെയ്മര്‍ നൃത്തം ചെയ്യുന്ന ചിത്രം. പന്ത് മുന്നിലേക്ക് എറിയുന്നു. ഓടുന്നു. ഷൂട്ട് ചെയ്യുന്നു. പന്ത് ജനല്‍ച്ചില്ല് തകര്‍ത്തു. അവന്‍ പന്തെടുത്ത് എങ്ങോട്ടോ ഓടി.

നാളെ അവന്‍ ഒരുപക്ഷേ ഗ്യാലറിയിലുണ്ടാകും. അല്ലെങ്കില്‍ ടെലിവിഷന് മുന്നില്‍. ആ ഇളം ഉള്ളില്‍ രണ്ട് ഫുട്‌ബോളുകള്‍ തമ്മില്‍ മല്‍പ്പിടുത്തം നടത്തും. ഒന്ന് അവന്‍ ആരാധിക്കുന്ന ബ്രസീല്‍. മറ്റൊന്ന് അവന്‍ ഒരിക്കലും വിട്ടുകൊടുക്കാത്ത ഇന്ത്യ.

അവസാനം ഏത് തിരഞ്ഞെടുക്കും? ഉത്തരം എളുപ്പമാണ്. ഇന്ത്യയെ തെരഞ്ഞെടുക്കും. കാരണം ആരാധനയ്ക്ക് മഞ്ഞ നിറമുണ്ടാകാം. പക്ഷേ സ്വപ്നത്തിന് രാജ്യത്തിന്റെ നിറമാണ്.

മത്സരം അവസാനിക്കുകയാണ്.

സ്‌കോര്‍ എന്താണെന്ന് പറയേണ്ടതില്ല. കാരണം ഈ കഥ സ്‌കോര്‍ബോര്‍ഡില്‍ എഴുതേണ്ടതല്ല. ഇന്ത്യ ഒരു ഗോള്‍ നേടിയാല്‍ കൊല്‍ക്കത്ത പൊട്ടിത്തെറിക്കും. ഒരു സേവ് വന്നാല്‍, ഗോള്‍കീപ്പറുടെ പേര് ആയിരക്കണക്കിന് കുട്ടികള്‍ ആര്‍ത്തുവിളിക്കും. അടുത്ത ദിവസം മൈതാനത്ത് ഇറങ്ങി ആ കുട്ടികള്‍ പറയും:

‘ഞാന്‍ ആ ഗോള്‍കീപ്പറാണ്.’

അതാണ് വിജയത്തിന്റെ ആദ്യരൂപം. മത്സരം അവസാനിക്കും. ബ്രസീല്‍ മടങ്ങും. ഇന്ത്യന്‍ കളിക്കാര്‍ ഹോട്ടലിലേക്ക് പോകും. നഗരം പതുക്കെ നിശബ്ദമാകും. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയും. പക്ഷേ ഒരു ലൈറ്റ് അണയില്ല. അത് ആ കുട്ടികളുടെ കണ്ണുകളിലെ വെളിച്ചമാണ്. അവന്‍ അടുത്ത ദിവസം പന്തുമായി മൈതാനത്തേക്ക് പായും. ബ്രസീലിനെ പോലെ കളിക്കാന്‍ ശ്രമിക്കും.

ഒരുപക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിന് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്ന ഒരു ഇന്ത്യയെ നേരിടേണ്ടിവരും. ആ ടീമില്‍ അവനുമുണ്ടായേക്കാം. ചില മത്സരങ്ങള്‍ ചരിത്രം മാറ്റില്ല. പക്ഷേ ചരിത്രം മാറ്റാന്‍ പോകുന്ന കുട്ടികള്‍ക്ക് വാതില്‍ തുറന്നുനല്‍കും. സാള്‍ട്ട്‌ലേക്കില്‍ നാളെ തുറക്കുന്നത് അത്തരമൊരു വാതിലാണ്.

Content Highlight: M.M. Jaffer Khan Writing About India VS Brazil Friendly Football Match