നാലില്‍ നാല് വിജയം; ഇങ്ങനെയൊരാള്‍ റയല്‍ ചരിത്രത്തില്‍ ആദ്യം!
Football
നാലില്‍ നാല് വിജയം; ഇങ്ങനെയൊരാള്‍ റയല്‍ ചരിത്രത്തില്‍ ആദ്യം!
ഫസീഹ പി.സി.
Wednesday, 18th March 2026, 8:16 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ രണ്ടാം പാദ മത്സരത്തിലും മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

മത്സരത്തില്‍ റയലിനായി വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. 22, 90+ 3 മിനിട്ടുകളിലായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ ഗോള്‍ നേട്ടം. മറുവശത്ത് ഏര്‍ലിങ് ഹാളണ്ടാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. 41ാം മിനിറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

വിജയത്തോടെ റയല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. 5-1 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു റയലിന്റെ മുന്നേറ്റം. നേരത്തെ ആദ്യ പാദ മത്സരത്തിലും സ്പാനിഷ് വമ്പന്മാര്‍ സിറ്റിയെ പരാജയപ്പെടുത്തിരുന്നു.

ഇതോടെ റയല്‍ പരിശീലകന്‍ അല്‍വാരോ അര്‍ബെലോവ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് പ്ലേഓഫ് മത്സരങ്ങളില്‍ നാല് മത്സരങ്ങളിലും ജയിക്കുന്ന ആദ്യ റയല്‍ മാനേജര്‍ എന്ന നേട്ടമാണ് അദ്ദേഹം തന്റെ പേരില്‍ ചാര്‍ത്തിയത്.

അല്‍വാരോ അര്‍ബെലോവ. Photo: Fabrizio Romano/x.com

ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ പ്ലേഓഫില്‍ രണ്ട് പാദങ്ങളിലും ബെന്‍ഫിക്കയെ റയല്‍ തോല്‍പ്പിച്ചിരുന്നു. ബെന്‍ഫിക്കയുടെ തട്ടകത്തില്‍ നടന്ന ഒന്നാം പാദത്തില്‍ ഒരു ഗോളിന്റെ കരുത്തില്‍ ലോസ് ബ്ലാങ്കോസ് വിജയിച്ചിരുന്നു. പിന്നാലെ തങ്ങളുടെ ഹോം ഗ്രൗണ്ടായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ടീം ബെന്‍ഫിക്കയെ തകര്‍ത്തു.

ഈ വിജയത്തോടെ റൗണ്ട് ഓഫ് സിക്സ്റ്റീനിലെത്തിയ റയല്‍ രണ്ട് മത്സരങ്ങളിലും സിറ്റിയെ മുട്ടുകുത്തിച്ചു. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം. ക്യാപ്റ്റന്‍ ഫെഡറിക്കോ വാര്‍വെര്‍ദെയുടെ ഹാട്രിക്കില്‍ സിറ്റിയെ തകര്‍ത്തത്. ഇപ്പോള്‍ രണ്ടാം പാദത്തിലും പ്രീമിയര്‍ ലീഗ് അതികായരെ പരാജയപ്പെടുത്തിയിരുന്നു.

 

Content Highlight: Álvaro Arbeloa became the first-ever manager to win all four Champions League play-off matches in Real Madrid history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി