നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമാ പ്രേക്ഷകരാണ് കേരളത്തിലേത്. മറ്റ് ഇന്‍ഡസ്ട്രികളെല്ലാം പ്രതിസന്ധി നേരിട്ട 2026ല്‍ വമ്പന്‍ ബിസിനസായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നടന്നത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വും ദൃശ്യം 3യും അതിരടിയും, ആട് 3യും എല്ലാം ചേര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു സിനിമാ ലോകം മോളിവുഡില്‍ സാക്ഷ്യം വഹിച്ചത്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേട്ടമുണ്ടാക്കിയത് മലയാള ചിത്രങ്ങള്‍ മാത്രമായിരുന്നില്ല. ഹോളിവുഡ് ചിത്രങ്ങളായ ഒഡിസിയും, സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും തമിഴ് ചിത്രങ്ങളായ കറുപ്പും, ബ്ലാസ്റ്റും, ജന നായകനും എല്ലാം ഇത്തരത്തില്‍ കളക്ഷന്റെ ഭൂരിഭാഗം കേരളത്തില്‍ നിന്നും സ്വന്തമാക്കിയിരുന്നു.
ജൂലൈയില്‍ കാര്യപ്പെട്ട ചിത്രങ്ങളൊന്നും തന്നെ തിയേറ്ററുകളിലില്ലാത്തത്തിന്റെ ക്ഷീണം തീര്‍ത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലെത്തുകയും ആദ്യദിനം തന്നെ തുടക്കത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. മലയാളത്തില്‍ തുടര്‍ന്നുള്ള രണ്ടാഴ്ച്ചയിലേക്ക് കാര്യപ്പെട്ട റിലീസുകളൊന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് തമിഴിലെ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഡി.സി തിയേറ്ററുകളിലേക്കെത്തിയത്. അനിരുദ്ധിന്റെ സംഗീത സംവിധാനം എന്നതൊഴിച്ചാല്‍ കാര്യമായി മറ്റ് ഫാക്ടറുകളൊന്നും ചിത്രത്തിന് കാത്തിരിക്കാനുള്ള കാരണമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞത് മുതല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ കാര്യങ്ങള്‍ മാറ്റിമറിക്കുന്നതായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച തമിഴ് ചിത്രമെന്നും ലോകേഷും വാമികയും ഞെട്ടിച്ചെന്നും അടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
കേരളത്തിലെ ബോക്‌സ് ഓഫീസില്‍ തുടക്കത്തിന്റെ കളക്ഷന് ഭീഷണിയാകുന്ന വിധത്തിലായിരുന്നു ഡി.സിയ്ക്ക് മലയാളി പ്രേക്ഷകരില്‍ നിന്നും കിട്ടിയ സ്വീകാര്യത. ഇപ്പോഴിതാ അവധി ദിനമായ ആഗസ്റ്റ് 15ന് പുറത്തുവന്ന കേരള ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം കേരള ബോക്‌സ് ഓഫീസില്‍ നിന്നും തുടക്കം 1.92 കോടി നേടിയപ്പോള്‍ 1.94 കോടിയുമായി ഡി.സി മുന്നിട്ട് നില്‍ക്കുകയാണ്. മോഹന്‍ലാല്‍ അടക്കം കാമിയോ റോളിലെത്തിയിട്ടും ലോകേഷ് കനകരാജ് ചിത്രത്തിന് മുന്നില്‍ തുടക്കത്തിന് അടിപതറുന്ന കാഴ്ച മോളിവുഡില്‍ പതിവുള്ളതല്ല.
Content Highlight: Lokesh Kanagaraj starrer Dc surpasses Thudakkam in kerala box office collection on independence day
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.