വിക്രം, ലിയോ എന്നീ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കൂലി. രജിനികാന്താണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സമയത്ത് എല്‍.സി.യുവിലുള്ളതാണോ അല്ലയോ എന്നുള്ള റൂമറുകള്‍ ഒരുപാട് വന്നിരുന്നു. എന്നാല്‍ കൂലി സ്റ്റാന്‍ഡ് അലോണ്‍ ചിത്രമാകുമെന്നാണ് ലോകേഷ് അറിയിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

രജിനികാന്തിന് പുറമെ വന്‍ താരനിര കൂലിയില്‍ അണിനിരക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും തമിഴില്‍ നിന്ന് സത്യരാജും ശ്രുതി ഹാസനും കൂലിയുടെ ഭാഗമാകുന്നുണ്ട്. 20 വര്‍ഷത്തിന് ശേഷം സത്യരാജും രജിനികാന്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൂലിക്കുണ്ട്.

ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും ഭാഗമായേക്കുമെന്നുള്ള റൂമറുകള്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. അത്തരം റൂമറുകളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകാരജ്. ആ റൂമറുകള്‍ താനും കേട്ടെന്നും എന്നാല്‍ അതിനെപ്പറ്റി ഇപ്പോള്‍ പറയാനാകില്ലെന്നും ലോകേഷ് പറഞ്ഞു. അതിന്റെ നിര്‍മാതാക്കളാണ് ആ കാര്യം സ്ഥിരീകരിക്കേണ്ടതെന്നും താന്‍ പറയുന്നത് ശരിയല്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ലോകേഷ്.

‘കൂലിയുടെ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ ആരംഭിക്കും. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയായതിനാല്‍ നല്ല കഷ്ടപ്പാടുണ്ട്. ആമിര്‍ ഖാന്‍ സാര്‍ ഈ പടത്തിലുണ്ടെന്നുള്ള റൂമറുകള്‍ ഞാനും കേട്ടിരുന്നു. അദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോള് പറയാന്‍ പറ്റുന്ന സാഹചര്യമല്ല.

കാരണം, അതൊക്കെ തീരുമാനിക്കുന്നതും ഓഡിയന്‍സിനെ അറിയിക്കേണ്ടതും അതിന്റെ പ്രൊഡ്യൂസേഴ്‌സാണ്. സണ്‍ പിക്‌ചേഴ്‌സ് ടീം ആ കാര്യത്തില്‍ അധികം വൈകാതെ ഒരു വ്യക്തത വരുത്തും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. അവര്‍ അറിയിക്കുന്നതുവരെ അതിനെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല. അവര്‍ പറയുന്നതാണ് ആ കാര്യത്തിന്റെ ഭംഗി,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj reacts to the rumors that Aamir Khan’s presence in Coolie movie