എല്ലാത്തിനും റിയാക്ട് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടോ; പൊതുവിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് ലിജോ മോള്‍ ജോസ്
Malayalam Cinema
എല്ലാത്തിനും റിയാക്ട് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടോ; പൊതുവിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് ലിജോ മോള്‍ ജോസ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 29th July 2026, 1:10 pm

ദിലീഷ് പോത്തന്‍ ക്ലാസിക്കായ മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലിജോ മോള്‍ ജോസ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ്‌ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഉന്മാദം.

ലിജോ മോള്‍ ജോസ്. Photo: Mathrubhumi English

ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ സമൂഹത്തില്‍ നടക്കുന്ന പൊതുവിഷയങ്ങളില്‍ അഭിനേതാക്കളും സെലിബ്രിറ്റികളും അഭിപ്രായമറിയിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്നതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നീറ്റ് വിഷയത്തില്‍ രാജ്യ തലസ്ഥാനമായ ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അഭിപ്രായമറിയിക്കാത്തതിന്റെ പേരില്‍ സെലിബ്രിറ്റികള്‍ക്കെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലിജോ മോളുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ടാകും അതിപ്പോള്‍ സെലിബ്രിറ്റീസായാലും ഏത് മേഖലയിലുള്ളവരായാലും. ദിവസവും വാര്‍ത്തകള്‍ വായിക്കുകയും ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷേ അതെല്ലാം നമ്മള്‍ പബ്ലിക്കായി പോസ്റ്റ് ചെയ്യണം എന്നൊരു അഭിപ്രായം എനിക്കില്ല.

ഉന്മാദം. Photo: IMDB

ചില സമയങ്ങളില്‍ ഫ്രണ്ട് സര്‍ക്കിളിലുള്ളവരുടെ അടുത്തായിരിക്കും നമ്മുടെ അഭിപ്രായം എന്തായിരിക്കും എന്നുള്ളത് നമ്മള്‍ ഷെയര്‍ ചെയ്യുന്നത്. എല്ലാം നമ്മള്‍ പബ്ലിക്കായി ഇടണം എന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഒരു സമ്മര്‍ദം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. എനിക്കെന്താണ് തോന്നുന്നതെന്ന് എനിക്ക് ഫീല്‍ ചെയ്താലാണ് ഞാന്‍ പറയേണ്ടത്. അത് മറ്റൊരാള്‍ നിങ്ങള്‍ എന്തുകൊണ്ട് ഇടുന്നില്ല എന്ന് ചോദ്യം ചെയ്ത് ഇടേണ്ട ഒരു സാഹചര്യം ഉണ്ടാകരുത്,’ ലിജോമോള്‍ പറഞ്ഞു.

Content Highlight: Lijomol Jose Talks about Celebrities share their opinion on Public issues

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.