ലാ ലിഗയില്‍ ബാഴ്‌സലോണയും മല്ലോര്‍ക്കയും തമ്മിലുള്ള മത്സരത്തിന് ഇന്ന് വേദിയൊരുങ്ങും (ഫെബ്രുവരി 7). ക്യാമ്പ് നൗവിലാണ് മത്സരം നടക്കുക. മത്സരത്തിന് ഇറങ്ങുന്നതിന് മുന്നേ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സയുടെ യുവ താരം ലാമിന്‍ യമാല്‍. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും ഗോള്‍ നേടിയ പട്ടികയില്‍ ഇതിഹാസ താരം ഡിയാഗോ മറഡോണയെ മറികടക്കാനാണ് യമാലിന് സാധിച്ചത്.
ബാഴ്‌സയ്ക്ക് വേണ്ടി 39 ഗോളുകളാണ് യമാല്‍ ഇതുവരെ നേടിയത്. ബാഴ്‌സയ്ക്ക് വേണ്ടി മറഡോണ 1982 മുതല്‍ 1984 വരെയുള്ള കാലയളവില്‍ 38 ഗോളുകളാണ് നേടിയത്. ഫെബ്രുവരി നാലിന് കോപ്പ ഡെല്‍ റെയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആല്‍ബകേറ്റിനെതിരെ നടന്ന മത്സരത്തില്‍ 39ാം മിനിട്ടില്‍ ഗോള്‍ നേടിയായിരുന്നു യമാല്‍ ഈ നേട്ടത്തില്‍ ഇതിഹാസത്തെ മറികടന്നത്. 144 മത്സരങ്ങളില്‍ നിന്ന് 39 ഗോളുകളാണ് ഈ 18കാരന്‍ അടിച്ചെടുത്തത്.
Lamine Yamal has now scored more goals in a Barcelona shirt than the late, great Diego Maradona 🤯✅⚽️
ഫുട്‌ബോളില്‍ റെക്കോഡുകള്‍ സ്വന്തമാക്കി യമാല്‍ തന്റെ യാത്ര മികച്ച രീതിയില്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസിയുമായി ഏറെ താരതമ്യപ്പെടുത്തിയ താരമായിരുന്നു യമാല്‍.
ബാഴ്‌സയില്‍ മെസി സൃഷ്ടിച്ച കോളിളക്കം തിരികെ കൊണ്ടുവരാന്‍ യമാലിന് സാധിക്കുമെന്നും യമാല്‍ മെസിയുടെ പിന്‍ഗാമിയാകുമെന്നും പല സീനിയര്‍ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ തന്നെ മെസിയുമായി താരതമ്യം ചെയ്യരുതെന്ന് താരം നേരത്തെ പറഞ്ഞത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
അതേസമയം ലാ ലിഗയിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 22 മത്സരങ്ങളില്‍ നിന്ന് 18 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 55 പോയിന്റ് നേടിയാണ് ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് 22 മത്സരങ്ങളില്‍ നിന്ന് 17 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമുള്‍പ്പെടെ 54 പോയിന്റാണ് കൈവശമുള്ളത്.
Content Highlight: Lamine Yamal In Great Record Achievement In Barcelona