അനിയത്തിപ്രാവിലൂടെ മലയാള സിനിമയില്‍ ചോക്ലേറ്റ് ഹീറോ ആയി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. അതിനു ശേഷം അദ്ദേഹം ചെയ്ത പല കഥാപാത്രങ്ങളും ആ ചോക്ലേറ്റ് ഇമേജിന്റെ തുടര്‍ച്ചയായിരുന്നു. പാട്ടും ഡാന്‍സും കളിക്കുന്ന റൊമാന്റിക് ഹീറോ ആയ ആദ്ദേഹം ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ സമീപകാലത്ത് താരത്തിന്റേതായി പുറത്തിറങ്ങുന്ന പല സിനിമകളിലും ഗംഭീര അഭിനയവും വന്‍ മേക്ക് ഓവറുകളും കാണാന്‍ സാധിക്കും. നായാട്ട്, പട എന്നിവയും ഇനി ഇറങ്ങാനായിരിക്കുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുമെല്ലാം അതിനുദാഹരണമാണ്.

ഈ ട്രാന്‍സ്ഫര്‍മേഷനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ഇപ്പോള്‍. കൈരളി ടി. വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫഹദ്, നിവിന്‍ എന്നിങ്ങനെ എല്ലാ നടന്‍മാരും മാറിയിട്ടുണ്ടെന്നും അങ്ങനെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ് അവരിപ്പോഴും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെന്നും അത് പോലെ താനും മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്.

‘പണ്ട് ലാലേട്ടനും മമ്മൂക്കയും അഭിനയിച്ച കഥാപാത്രങ്ങളും ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളും നോക്കുകയാണെങ്കില്‍ എത്രത്തോളം മാറിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. രാജു, ജയറാമേട്ടന്‍, ഫഹദ്, നിവിന്‍ എന്നിങ്ങനെ ആരായാലും മാറിയിട്ടുണ്ട് . തുടക്കകാലത്ത് അവര്‍ ചെയ്ത പല ക്യാരക്ടറുകളും ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണ്. അങ്ങനെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ് അവരിപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അതുപോലെ തന്നെയാണ് എന്റെയും അവസ്ഥ.

കുറെ കാലം ചോക്ലേറ്റ് ഇമേജില്‍ പെട്ടുകിടന്നു എന്നുള്ളത് ഒരു പ്രശ്‌നമായി തോന്നാറുണ്ട്. അത് അന്ന് ഇറങ്ങിയ പടങ്ങള്‍ക്ക് അത്രത്തോളം സ്വാധീനം കാണികളില്‍ ഉണ്ടാക്കാനായത് കൊണ്ടാണ്. അത് ബ്രേക്ക് ചെയ്ത് വരിക എന്നത് വലിയൊരു കടമ്പയായിരുന്നു. സ്ലോ പ്രോസസ് ആയിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്ത് വരാനുള്ളത്.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Kunchako Boban says that acting styles of Fahad and Nivin are changed. me also changed like that