സത്യം പറഞ്ഞാല്‍ ടാക്‌സ് അടയ്ക്കാനും വണ്ടി മെയിന്റെയ്ന്‍ ചെയ്യാനും വേണ്ടിയാണ് ഞാന്‍ പണിയെടുക്കുന്നത്: കുഞ്ചാക്കോ ബോബന്‍
Malayalam Cinema
സത്യം പറഞ്ഞാല്‍ ടാക്‌സ് അടയ്ക്കാനും വണ്ടി മെയിന്റെയ്ന്‍ ചെയ്യാനും വേണ്ടിയാണ് ഞാന്‍ പണിയെടുക്കുന്നത്: കുഞ്ചാക്കോ ബോബന്‍
അമര്‍നാഥ് എം.
Sunday, 26th July 2026, 11:15 pm

മൂന്ന് പതിറ്റാണ്ടിനടുത്തായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാല്‍ ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തപ്പോള്‍ താരം പതിയെ തന്റെ ട്രാക്ക് മാറ്റി.

ഇന്ന് ഓരോ സിനിമയിലും തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. പഴയ ചോക്ലേറ്റ് ഹീറോയാണോ ഇതെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് കുഞ്ചാക്കോ ബോബന്റെ പ്രകടനങ്ങള്‍. ഏത് തരം വേഷവും അനായാസമായി കുഞ്ചാക്കോ ബോബന്‍ പകര്‍ന്നാടുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദം റിലീസിന് തയാറെടുക്കുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ നല്‍കുന്ന അഭിമുഖങ്ങളാണ് സിനിമാപേജുകളില്‍ വൈറല്‍. ഓരോ ചോദ്യത്തെയും വളരെ ഫണ്ണിയായി നേരിടുന്ന വീഡിയോകള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കാര്‍ കളക്ഷനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യവും അതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയും രസകരമായിരുന്നു. ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ഏതെന്നായിരുന്നു ചോദ്യം.

‘ഒരുപാട് കാറുണ്ടെങ്കിലും അതില്‍ വിലമതിക്കാനാകാത്തത് എന്റെ ഗ്രാന്റ് ഫാദര്‍ ഉപയോഗിച്ച ഒരു കാറാണ്. നല്ല പഴയ മോഡലാണ്. സ്റ്റുഡിബേക്കറിന്റെ പഴയ മോഡല്‍ കാര്‍. ഉദയായുടെ കാലം മുതല്‍ അത് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. പുതിയ വമ്പന്‍ കാറുകള്‍ പലതുമുണ്ടെങ്കിലും അതിന്റെ മൂല്യം പറഞ്ഞറിയിക്കാനാകാത്തതാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ മറുപടിയെ പരിഹസിച്ചുകൊണ്ട് തൊട്ടടുത്തിരുന്ന സാബുമോന്‍ രംഗത്തെത്തി. വിലപിടിപ്പുള്ള ഏതോ കാറിന്റെ പേര് പറയാനാണ് ആദ്യം വന്നതെന്നും എന്നാല്‍ ഇന്‍കം ടാക്‌സിനെ പേടിച്ച് പറയാത്തതാണെന്നും സാബുമോന്‍ പരിഹസിച്ചു. തന്റെ അറിവില്‍ കുഞ്ചാക്കോ ബോബന്റെ കൈയിലുള്ള ഏറ്റവും വലിയ കാര്‍ പോര്‍ഷെയുടേതാണെന്നും പണക്കാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കാറാണ് അതെന്നും സാബുമോന്‍ പറയുന്നു.

‘അതേ, പോര്‍ഷെയുടെയും മിനി കൂപ്പറിന്റെയു കാറൊക്കെ കൈയിലുണ്ട്. ഭയങ്കര പാടാണ് അത് മെയിന്റെയിന്‍ ചെയ്യാന്‍. സത്യം പറഞ്ഞാല്‍ അതിന്റെയൊക്കെ ടാക്‌സ് അടക്കാനും വണ്ടികള്‍ മെയിന്റെയിന്‍ ചെയ്യാനുമാണ് പണിക്ക് പോകുന്നത് (ചിരിക്കുന്നു). വേറൊന്നും ഇതില്‍ പറയാനില്ല,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ വേഷമിടുന്ന ചിത്രമാണ് ഉന്മാദം. എഡിറ്ററായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ഉന്മാദത്തിനുണ്ട്. ലിജോമോള്‍ ജോസ്, സാബുമോന്‍, വിനീത് തട്ടില്‍, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Kunchacko Boban about his car collection

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം