തമ്പാനൂര്‍ സ്റ്റേഷനില്‍ അഭയം തേടിയെത്തി; പിന്നാലെ മൊണാലിസയ്ക്ക് വിവാഹം
Kerala
തമ്പാനൂര്‍ സ്റ്റേഷനില്‍ അഭയം തേടിയെത്തി; പിന്നാലെ മൊണാലിസയ്ക്ക് വിവാഹം
രാഗേന്ദു. പി.ആര്‍
Wednesday, 11th March 2026, 6:26 pm

തിരുവനന്തപുരം: പങ്കാളിക്കൊപ്പം തിരുവനന്തപുരത്തെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ മൊണാലിസ ഭോസ്‌ലെയ്ക്ക്‌ വിവാഹം. തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നൈനാർ ക്ഷേത്രത്തില്‍ വെച്ചാണ് മൊണാലിസയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

മന്ത്രി വി. ശിവന്‍കുട്ടി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി. ജോയ്, രാജ്യസഭാ അംഗം എ.എ. റഹീം എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൊണാലിസ കേരളത്തില്‍ അഭയം തേടിയത്. മധ്യപ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനാണ് മൊണാലിസയുടെ പങ്കാളി. കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഫര്‍മാന്‍ ഇതരമതസ്ഥനായതിനാല്‍ കുടുംബം ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.

കുംഭമേളയിലൂടെയാണ് മൊണാലിസ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പിന്നാലെ ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമായി അവര്‍ കേരളത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെയാണ് മൊണാലിസ തമ്പാനൂര്‍ സ്റ്റേഷനില്‍ അഭയം തേടിയത്. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.

പിന്നാലെ പതിനെട്ട് വയസ് പൂര്‍ത്തിയായതിനാല്‍ യുവതിക്ക് അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. വിഷയം ഒത്തുതീര്‍പ്പിലെത്തിയെന്നാണ് വിവരം.

നാല് ദിവസം മുമ്പ് മൊണാലിസ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്നും ഇന്ന് (ബുധന്‍) ഉച്ചയോടെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

Content Highlight: kumbhmela viral girl monalisa approach to thampanoor station after her family opposes love affair

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.