തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ  (23-7-2019) കെ.എസ്.യു  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

എട്ടുദിവസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നിരാഹാര സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

വന്‍ പൊലീസ് സന്നാഹത്തെയാണ് മാര്‍ച്ചിനെ നേരിടാന്‍ അണിനിരത്തിയത്. സമരക്കാര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്.